Monday, January 15, 2018

ഒരു നുണക്കഥയിലെ തിമിംഗലം


ഞാൻ തിമിംഗലം,
വഴിതെറ്റി വന്നതാണു്
അറ്റ് ലാന്റിലേക്കു ചെല്ലാൻ
കടലലകൾ താണ്ടിയും
പിശറുകളെ ചെറുത്തും
ദിവസങ്ങൾ നീന്തുകയായി
അറബിക്കടലിലെത്തിയതു്
ദിശ തെറ്റി മാത്രമായിരുന്നു

ഒരു തുണിക്കടയുടെ
പച്ചയും , വെള്ളയും നിറമുള്ള
പ്ലാസ്റ്റിക് സഞ്ചികൾ
എനിക്കു വഴിമുടക്കികളായി
ടൈറ്റാനിയത്തിന്റെ വിഴുപ്പ്
തുറന്ന വായിലേക്ക്
അതിക്രമിച്ചു കയറി വന്നു
കരയിൽ അങ്ങു ദൂരെയായി
ദൈവത്തിന്റെ സ്വന്തം നാടിന്റെ
പച്ചപ്പ് കാണാമായിരുന്നു
എന്നിട്ടും ഒരു കൂട്ടം പത്രക്കാർ
പതിവു തെറ്റിക്കാതെ
നുണകളനവധി നിർമ്മിച്ചു
ചാളയും , കൊഞ്ചും കൊതിച്ചു
വന്ന തീറ്റക്കൊതിച്ചിയെന്നു്
ഒരു കൂട്ടരെഴുതിച്ചേർത്തു
കാമുകനെ തേടിത്തേടി
ഇണദ്ദാഹം തീർക്കനായി
മദിച്ചു വന്നതാണെന്നു്
മറ്റൊരു കൂട്ടരുമെഴുതി
കില്ലർ സ്രാവുകളെത്ര ഭേദം
വഴിയറിയാതെയുഴലുമ്പോൾ
കില്ലർസ്രാവുകളാണെനിക്കു
വഴി പറഞ്ഞു തന്നതു് .

Friday, January 12, 2018

ആദരാജ്ഞലി

 


ചരമപ്പിറ്റേന്നു് , മിക്കവാറും
ചതുര വലിപ്പത്തിലൊരു ഫോട്ടോ
പത്രത്താളിൽ കണ്ടേയ്ക്കാം
ഒരു കൂട്ടരതു കണ്ടു സഹതപിക്കും
മറ്റൊരു കൂട്ടർ സമാശ്വസിക്കും
ഒരു മാരണമൊഴിഞ്ഞല്ലോ.
നീ , മാത്രം കണ്ണീരൊഴുക്കും
എന്നുമെന്നും നിനക്കായി
ഞാൻ തന്നതും അതുമാത്രം .

Thursday, December 21, 2017

പേടിച്ചുത്തൂറി
തൂറാൻ കുത്തിയിരിക്കുന്നതു്
ആരേയും പേടിച്ചിട്ടല്ല
ജീവശാസ്ത്രപരമായൊരു
ശരീരധർമ്മാനുഷ്ഠാനമതു്
എന്നാലെഴുതി തീർന്ന
കവിതയുമായിയൊരു
കവി കുത്തിയിരിക്കുന്നതു്
നല്ലതു പോലെ പേടിച്ചു്

പവിത്രാ ! നീ പേടിച്ചുത്തൂറി
നിന്റെ പേരിന്നൊപ്പമുള്ള
തീയിന്നു , വെറും മഞ്ഞുക്കട്ട
അണഞ്ഞു പോയ നിന്റെ
കനലുകളിൽ ചവിട്ടി നിന്നു്
മതങ്ങൾ തന്തൂരി ചുട്ടെടുക്കുന്നു.

Wednesday, May 3, 2017

പിണക്കം


അരിയമലർകണ്ണുകളിൽ
പരിഭവത്തെളിനീരുതിർന്നു
വിറയാർന്നിടുന്നു നാസിക
അധരങ്ങൾ കോണുകൾ തേടി
മുഖം വെട്ടിത്തിരിച്ചു കമ്പിത
ഗാത്ര, പിണക്കത്തിൻ വീഥിയിലൂടെ
പോകുന്നു, വേനൽക്കാറ്റു പോലെ.


ഹാ! ഇഷ്ടമെത്ര ഗിരി നിരകളേറി
പിണങ്ങിപ്പിരിഞ്ഞു പോകും
അവാച്യ സുന്ദരമായ നിന്നുടെ
ജാലവിദ്യയൊരു സർഗ്ഗ ദൃശ്യം
വിശ്വ ചിത്രകാര നീ, വരയ്ക്കുക
എൻ ജീവിത ക്യാൻവാസിതിൽ
അപൂർവ്വമനവദ്യ ചിത്രമായിത്.

പകലിന്റെ സൗഹൃദമെന്നുടെ
കാതുകളിൽ കുസൃതിയോടെ
വന്നു പറഞ്ഞു പോയ് ക്ഷണം
പതിരാവാകട്ടെ കാത്തിരിക്കൂ
സഖേ! പൂനിലാവും, തെന്നലും
കൂടെ വന്നെത്തിടുമപ്പോൾ .

Saturday, March 11, 2017

സ്ത്രീ


പേമാരി നനഞ്ഞു ,ഇടിമിന്നലുകളിൽ പേടിച്ചെത്തുന്ന ചെറുക്കനെ അമ്മ
ചേർത്തു പിടിച്ചു ,ടൗവ്വൽ കൊണ്ടു തല തുവർത്തി , കുരുമുളകു കാപ്പി ഇട്ടു
കൊടുത്തു. പിന്നെ ഒന്നു കൂടെ ചേർത്തു പിടിച്ചു അമ്മ ചോദിച്ചു പേടിച്ചു
പോയാ മോൻ . മകൻ അതെയെന്നു തലയാട്ടി ആ സർവ്വ സുരക്ഷിതത്വ
ത്തിന്റെവാത്സല്യത്തിൽ മഴയെ, ഇടിമിന്നലിനെ, പേടിയെ അവൻ മറന്നു .

പ്രാരാബ്ധങ്ങളുടെ നെരിപ്പോടു കെടുത്താൻ വലുതായി ആഗ്രഹിച്ചാണു്
ആ, ഇൻറർവ്യൂവിനു് അവൻ പോയതു്. ഇതിനു മുമ്പു് വളരെയധികം ഇന്റർ
വ്യൂ അഭിമുഖികരിച്ചു കഴിഞ്ഞിരുന്നു. ഇപ്രാവശ്യവും നിരാശയായിരുന്നു ഫലം
പുഞ്ചിരിയിലും ,കളി തമാശയിലും ആ , നൊമ്പരത്തെ മാച്ചു കളയാൻ
അവൻ ശ്രമിച്ചതു് നടന്നില്ല . കൂട്ടുകാരി അതു കണ്ടു പിടിച്ചു . സാന്ത്വന
ത്തിന്റെ തീവ്ര സ്പർശനത്തിൽ നൊമ്പരങ്ങൾ കെട്ടു പോകുന്നതു് അവൻ
അറിഞ്ഞു.
ഔദ്യോഗിക പ്രശ്നങ്ങളുടെ അസ്വസ്ഥതയിൽ അയാൾ ഉറങ്ങാതെ കിടന്നു
ന്താ ഉറങ്ങാത്തെ. ഭാര്യയുടെ ഉത്ക്കണ്ഠ നിറഞ്ഞ ചോദ്യം. ഒന്നുമില്ലെന്നു്
അയാൾ മറുപടി പറഞ്ഞു. ഇല്ലാ എന്തോ പ്രശ്നം ഉണ്ടു്. ആ നിർബ്ബന്ധത്തിനു
മുന്നിൽ അയാൾ തന്നെ അലട്ടുന്ന പ്രശ്നങ്ങൾ ഭാര്യയോടു് അവതരിപ്പിച്ചു .
അതെല്ലാം മാറും വിഷമിക്കാതെ ചേർത്തു പിടിച്ചു കൊണ്ടുള്ള സമാശ്വത്തിൽ
അയാൾ അസ്വസ്ഥതകളിൽ നിന്നും മോചിക്കപ്പെടുകയായി.
അതെ ഒരു സ്ത്രീക്കു മാത്രമേ ഇത്തരം സമാശ്വസങ്ങൾ നല്കാനാകൂ.
 

Wednesday, March 1, 2017

വാഴപ്പിണ്ടി നട്ടെല്ലുകൾ
കേരളത്തിലെ പത്രദൃശ്യ മാധ്യമങ്ങളുടെയും നേതാക്കളുടെയും
നട്ടെല്ലു് വാഴപ്പിണ്ടിയാകുന്ന അവസ്ഥയാണു് ഒരു പാതിരി
ഒരു പാവം ബാലികയെ പീഢിപ്പിച്ചു ഗർഭിണിയാക്കി പ്രസ
വിപ്പിച്ച ദുരന്ത സംഭവം വ്യക്തമാക്കുന്നതു്. ഒരു സിനിമാ
സെലിബ്രിറ്റി ഉപദ്രവിപ്പിക്കപ്പെട്ടതിന്റെ ധാർമ്മിക രോഷ
പ്രകടനം കേരളം കണ്ടതാണു്. ഭാഗ്യലക്ഷ്മിിയും പാർവ്വതിയും
മുതൽ എല്ലാ പാർട്ടി നേതാക്കളും സട കുടഞ്ഞെഴുത്തേറ്റ്
ഗർജ്ജിച്ചതിന്റെ പ്രതിദ്ധ്വനി മലയാളിയുടെ കാതിൽ ഇനിയും
കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴും ആക്രമണോത്സുകരായി പൾ
സർ സുനിയുടെ പരിപ്പെടുക്കുവാൻ ഒരുമ്പെട്ട് നില്ക്കുകയാണു്
നമ്മുടെ നേതാക്കന്മാരും വനിതാ സാമൂഹ്യ പ്രവർത്തകരും.
നേരിട്ടും ഫോണിൽ കൂടിയും ആശ്വാസ വചസ്സുകൾ ചൊരിയു
കയും താനാണു് വിധി കർത്താവെങ്കിൽ അവന്റെ വെട്ടി തുണ്ടം
തുണ്ടമാക്കുമെന്നു് പ്രഖ്യാപിക്കുകയും ചെയ്തു ഇവർ . എന്നാൽ
വയനാട്ടിലെ പാവം ബാലികയുടെ സ്ഥിതി പരമ ദയനീയം
അവൾ പാവപ്പെട്ട കുടുംബത്തിലെ അംഗമാണു് . പാവപ്പെട്ട
വീട്ടിലെ കുടുംബത്തിലെ പെൺ കുട്ടി കാമ ഭ്രാന്തിനിരയായി
പിച്ചിചീന്തപ്പെട്ടാൽ തങ്ങൾക്ക് ഒരു ചുക്കുമില്ലെന്നു് കേരള
സമൂഹത്തിലെ രാഷട്രിയ സാമൂഹിക സാംസ്കാരിക നായ
കന്മാർ , മഹിള നേതൃ സുന്ദരികൾ ഒരിക്കൽ കൂടി തെളിയി
ച്ചിരിക്കുന്നു . പത്രക്കാരുടെ കാര്യമാണു് മഹാ കഷ്ടം.
അവരുടെ ചാനലുകാരുടെയും . മാസങ്ങൾക്കു മുമ്പ് നടന്ന
സംഭവം ഏവിടെയും തുരന്നു കയറുന്ന ഈ തുരപ്പന്മാർ
അറിഞ്ഞില്ല പോലും . പൾസർ സുനി ചെയ്തതിനെക്കാൾ
വലിയ കുറ്റമാണു് പാതിരിയുടേതും അതു മറച്ചു വെച്ച
പൗരോഹിത്യ പ്രമാണിമാരുടേയും . ആർക്കും പരാതിയില്ല
പരിഭവമില്ല. നിയമസഭയിൽ ചർച്ചയുമില്ല . പത്രങ്ങൾ
ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതു പോലെ വാർത്ത
അകം പേജിൽ ഒളിപ്പിക്കാൻ നോക്കി . ഇതു ചെകുത്താന്റെ
സ്വന്തം നാടാണു് എന്നു് തോന്നിപ്പോകുന്നു . കള്ളു ഷാപ്പിനെ
തിരെ കുത്തിയിരിക്കുന്ന ആത്മാർത്ഥതയുടെ ഒരല്പം മാത്രം
ഈ പാവപ്പെട്ട പെൺകുട്ടിയുടെ കാര്യത്തിൽ സഭാപിതാ
ക്കന്മാർ കാണിക്കാതെ പോയി . ഭാവനയുടെ കേസിനു
വേണ്ടി ഇപ്പോഴും വായ പൂട്ടി വെയ്ക്കാത്ത നേതാക്കന്മാരെ
ഒരു നിമിഷം, ഒരു നിമിഷം മാത്രം ഈ പെൺകുട്ടിക്കു വേണ്ടി
ആ തിരുവായ തുറക്കൂ.

Sunday, January 29, 2017

ഗാന്ധിജി മടങ്ങി പോകുന്നു


മുളവടി ആവർത്തിച്ചു
തറയിൽ മുട്ടുന്ന ശബ്ദം
കാതുകളിൽ ചേക്കേറി
രാജ്യം പതിവു പോലെ
പാതിരാ സുക്ഷുപ്തിയിൽ

ആരേയും ഒട്ടും തന്നെ
അലോസരപ്പെടുത്താതെ
അഞ്ഞൂറു രൂപ നോട്ടിൽ
നിന്നും മഹാത്മാ ഗാന്ധി
ഇറങ്ങി, നടന്നു പോകുന്നു
പ്രധാന മന്ത്രിയുടെയും
രാഷ്ട്ര പതിയുടെയും
വസതികൾക്കു മുന്നിലൂടെ
സാമാജികർക്കെല്ലാം
സൗകര്യ പൂർവ്വം
വഴക്കടിയ്ക്കാനായി
കെട്ടിയുയർത്തിയ
മന്ദിരത്തിനു മുന്നിലൂടെ
മുളവടി തറയിൽ മുട്ടിച്ച്
അദ്ദേഹം നടന്നു പോകുന്നു .

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...