Wednesday, September 15, 2010

മെഴുകുതിരികള്‍

ഉരുകുന്നു ദേഹവും മനസ്സും
തമസ്സിന്റെ നിഴലുമകറ്റി
നനുത്ത വെളിച്ചം പകര്‍ന്നിട്ടു -
മെന്തേയുള്‍ത്തടമിതില്‍ കാളിമ !
ഒന്നല്ലോ ; നമ്മളല്ലായ്കില്‍ , ഇവ്വിധം
ജ്വലിച്ചു തനുവും മനവുമു -
രുകി ത്യാഗദീപ്തിയേകുമോ
ഉരുകുന്നു നിങ്ങള്‍ തന്‍ മേനിയോ
ഉരുകിടൂ ഞങ്ങള്‍ തന്‍മാനസം.

ഫലം തിരികെയെന്ന കാംക്ഷ
വിഫലം കര്‍മ്മസാക്ഷാത്ക്കാരമ -
തനുഷ്ഠിക്കേണ്ട ജന്മനിയോഗം ?
 വിഘ്നമില്ലയതിനശേഷവും
ഒന്നാണു നമ്മളീ വിധം ധര്‍മ്മാ -
നുഷ്ടാനമിതിലു മെന്നാലുണ്ടു
വൈജാത്യം നിന്മേനിയിതെരിഞ്ഞു
തീരിലും ;പുനരുണ്ടാക്കാം ദേഹാ -
വശിഷ്ടമതെടുത്തിട്ടാകിലും ,
എന്നലിവ്വിധമെരിഞ്ഞുതീരും
 ദേഹമിതു,പിന്നെ വെന്തുതീരും
അല്ലെങ്കിലതു മണ്ണിലടിയും .

അണഞ്ഞു പോകിലോ ജ്വാലയേകി
 പുനരുജ്ജീവിപ്പിക്കും നിങ്ങളെ
കെട്ടുപോയെങ്കിലീ ജീവിതം പാ -
തി വഴിയിതിലെറിയേണം , ഹാ!
അഗ്നിയള്‍ത്താര വിശുദ്ധവച -
സാക്ഷിയായി  പേറും മിന്നിന്‍ ബ -
ന്ധുര ബന്ധനമില്ല നിങ്ങള്‍ക്കു
വിത്തംവിത്തരഹിതമാട്ടെരി -
യേണം മെഴുതിരി പോല്‍ ഞങ്ങളോ.

Saturday, September 11, 2010

*അച്ഛന്റെ ദു:ഖം


ഉറങ്ങികിടക്കുകയാണെന്‍ മകന്‍
നാളെപ്പുലര്‍കാലെയുണര്‍ന്നിടുവാന്‍
നിദ്രയില്‍ പോലുമോമല്‍ വദനത്തില്‍
സുസ്മേരസൂനങ്ങള്‍ വിടരുന്നു
എന്നിട്ടുമതു കണ്ടെന്നുടെ ചിത്തം
നൊന്തുനുറുങ്ങിയൊന്നുംപ്പറവാതെ
ആള്‍രൂപങ്ങളാം നിഴലുകളെത്തി
എന്തോച്ചൊല്ലുന്നതും നോക്കി ശിലപോല്‍
ഞാനിരിക്കുന്നുയെന്‍ വീടിനുമ്മറത്തില്‍.

ചുവന്നയൊരു ശീലയാ വാതിലില്‍
ഞാത്തുന്നാരോ,മാകന്ദ ശിഖരങ്ങള്‍
വീഴും ശബ്ദമതുയര്‍ന്നു പറമ്പില്‍
വെല്ലിടുന്നതിനെയത്യുച്ചത്തിലു -
യരും പ്രാണേശ്വരി തന്നാര്‍ത്ത നാദം
വിട്ടുപിരിഞ്ഞുവോ പൊന്‍ മകനെ നീ
ക്ഷണമൊരു വാര്‍മഴവില്ലു പോലെ
കണ്ടു കണ്ടു കൊതി തീര്‍ന്നിടില്ലെന്നും
നീ പഠിച്ചു വളര്‍ന്നുമുയരത്തി -
ലെത്തും കാഴ്ചയെന്‍ ജീവത് സാഫല്യം.

ഹാ! ജലാശയമേയൊരു പലക -
പ്പുറമാവാത്തതെന്തെന്നുണ്ണി, നില -
തെറ്റിയാഴമതില്‍പതിക്കും മുമ്പൊ -
രത്ഭുതമെന്‍ ഭൌതികത കൊതിച്ചു !
താഴ്ന്നു,താഴ്ന്നു പോകവെ മേലോട്ടുയര്‍ -
ന്നീടാനച്ഛന്റെ കൈത്താങ്ങു തേടി
പ്രാണ വായുവതിനു വിഘ്നമായി
നാസികയതിലടിയും വസ്തുക്കള്‍
നീക്കാനമ്മേയമ്മേയെന്നു കേണു നീ......മൃത്യുവതറിഞ്ഞെത്തിയൊരെന്‍ കരം
ഗ്രഹിച്ചു മിണ്ടാതെ കഴിച്ചൊരെന്‍ത്തോ -
ഴന്‍ തന്‍ ചിത്തത്തിലെഴുത്തതെല്ലാമേ
വായിച്ചു തീര്‍ത്തു ഞാനും മൂകനായി.

വര്‍ഷങ്ങള്‍പിന്നിട്ടു കണ്ടുമുട്ടവേ
അപ്പൊഴുമായാത്മാവില്‍ ; ചിരിതൂകി
ഉറങ്ങുന്ന മകനെ കാണും, ഞാനാ
കണ്‍കളിലൂടെ; തുടരുമാ മൌനം
പണ്ടു ഞാന്‍ വായിച്ചതൊക്കെയാ ,
ഹൃദയ ഭിത്തിയതിലന്നും കാണും.           *   എന്റെ ഉറ്റ സുഹൃത്ത് ശശിയുടെ മകന്‍
(കോഴിക്കോട് ആര്‍.ഈ. സി ഒന്നാം സെമസ്റ്റര്‍
വിദ്യാര്‍ത്ഥി) യദുകൃഷ്ണന്റെ അപമൃത്യുവിനെ ആസ്പ
ദമാക്കി എഴുതിയത്.

Wednesday, September 1, 2010

സ്കൂള്‍ യൂണിഫോം

വിലപിടിച്ച ഉടുപ്പുകളവളുടെ
സ്വപ്നങ്ങൾക്കെന്നേയന്യം
സ്കൂൾ യൂണിഫോമിൻ പഴക്കം
അവളുടെ കണ്ണുകളെ
ഈറനണിയിക്കുമ്പോൾ ;
അമ്മയുടെ വിഷാദ മിഴികളിലെ 
നിസ്സംഗത സാന്ത്വനമാകും .

കരിങ്കല്ലു ചുമക്കുന്ന അമ്മയുടെ
ശിരസ്സിൽ നിന്നെത്ര
മുടിയിഴകൾ പിണങ്ങിപ്പോയി
എന്നു കണക്കു കൂട്ടിയവൾ
വിളക്കു വെയ്ക്കും നേരത്തു
 അലക്കുന്നേക യൂണിഫോം

തൊട്ടിയിൽ നിന്നെടുത്ത
യൂണിഫോമിൽ നിന്നുമിറ്റിറ്റു
വീഴുന്നത് ജലബിന്ദുക്കളോ ?
അതോ ചുടു കണ്ണനീരോ ?

കാലപ്പഴക്കത്തിൻ
നീണ്ട കീറലുകൾ യൂണിഫോമിൽ
വാനം കാട്ടുന്ന ഓല മേൽക്കൂര
സമം തെളിഞ്ഞു കാണുന്നു
കീറലുകളിലൂടെയവളുടെ കണ്ണുകൾ
വേദനയോടെ  കടന്നു പോയി
പകരമില്ല മറ്റൊരു യൂണിഫോം

മിന്നും പുത്തൻ യൂണിഫോമണിഞ്ഞു
വെള്ള വിരിപ്പിലുറങ്ങുകയാണവൾ
തിങ്ങി നിറയുന്ന പുരുഷാരം
സഹപാഠികളുടെ തേങ്ങലുകൾ
അമ്മയുടെ ആർത്ത നാദം
ആ , പൂമിഴികൾ  കാണില്ലൊരിക്കലും
പുത്തൻ യൂണിഫോമിൻ പകിട്ടു്

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...