Sunday, December 25, 2011

മൃതസഞ്ജീവനി

നിത്യ തപസ്സോയിതു
കാലത്തോടു
കലഹിച്ചു പിണങ്ങി
ഞാനൊരു
വാല്മീകത്തിനുള്ളില്‍
മൂകത വാരിപ്പുതച്ചു
.

ഹൃദയ രക്തം
കൊണ്ടു നീയെഴുതിയ
വാക്കുകളെന്നുടെ
നിശബ്ദതയുടെ
വാല്മികമിന്നുടച്ചു
നിശ്ചലമായെരെന്‍
രഥച്ചക്രങ്ങള്‍
തിരിയുന്നു ; മുന്നോട്ടു
നിശബ്ദമായൊരെന്‍
അശ്വകുളമ്പടികളുയര്‍ന്നു .


ജനിമൃതികളുടെ
അമ്പരപ്പാര്‍ന്ന
ഭാവ പകര്‍ച്ചകളെ
ഇതായെന്റെ
മൃതസഞ്ജീവനി !
ഒരു പുനര്‍ജന്മത്തിന്‍
ജീവനേറ്റു വാങ്ങി
ഞാനീ ജീവിതയാത്ര
ഇനി , തുടങ്ങുന്നു.

Monday, December 19, 2011

ഈ നൂറ്റാണ്ടിന്‍ വിപ്ലവകാരി

 
മരണമേ നിന്‍ കണക്കു
പുസ്തകത്തിലൊരു
ജീവന്‍ മാത്രം എഴുതിയാല്‍
മതിയെങ്കിലിതാ
തുച്ഛനാമെന്‍ പാഴ് ജീവന്‍

എത്രയോ വത്സരം
കാലമൂതി കെടുത്താതെ
ജജ്ജ്വല്യത്തോടെ
ഉദിച്ചു നില്ക്കട്ടെ നിത്യ
സത്യങ്ങള്‍ തന്‍
തത്വമസിയുടെ സൂര്യന്‍

വന്നു തറച്ചിടും വാക്കോ
ഇന്ദ്രിയങ്ങളാകെ
ചുട്ടുപ്പൊള്ളിക്കുമൂഷ്മാവു്
അധീകരിക്കുന്ന
അപ്രിയ സത്യങ്ങളാകാം
എതിരു പറയും
ചിന്തകളാകെ ചികഞ്ഞു
പതിരു കാണിച്ചും ,
കരുണ വറ്റി കരളോ
കല്ലാക്കി വിമര്‍ശന
ഉളിയതാല്‍ ചെത്തി
പാകമാക്കും സംസ്ക്കാരത്തെ ;
കര്‍മ്മനിരതമാം
ജീവിതത്തിന്‍ ധര്‍മ്മമിതു .

മരക്കുരിശു തീര്‍ത്തതില്‍
ചേര്‍ത്തു വെച്ചാണികള്‍
തറച്ചു നിശബ്ദ -
തയുടെ ഗാഗൂല്ത്തായില്‍
ഒറ്റപ്പെടുത്തിടാന്‍
വ്യാമേഹിച്ച മഹത്തുക്ക -
ളുടെ ദുര്‍ മോഹങ്ങള്‍
സാക്ഷി , കാലമെഴുതിടൂ
യുഗപുരുഷനാകുന്നീ ,
സംസ്ക്കാരത്തിനെന്നും
കാവല്‍ നിന്നിടും
വാക്കുകളാമായുധങ്ങള്‍
ഏന്തിയ , ഈ നൂറ്റാ -
ണ്ടിന്‍ വിപ്ലവകാരിയിയാള്‍ .

Monday, December 12, 2011

അശാന്തി


ഒരു വയസ്സന്‍
ഒരു വെളിപാടു വന്നതു പോലെ
ഒരു യുവതിയെ പ്രേമിച്ചു
പ്രേമിക്കുന്നതു കുറ്റമല്ലല്ലോ
പക്ഷേ കാലത്തിന്റെ ദൂരത്തു
നില്ക്കുന്ന വയസ്സനു
പിന്നിലെ അകലത്തില്‍
കണ്ണെത്താ ദൂരത്തു നില്ക്കും
യുവതിയെ തൊടാനാകുമോ ?
പ്രണയത്തിനു ചോദ്യമില്ല
ഉത്തരങ്ങള്‍ മാത്രം
എന്തു പറഞ്ഞാലും
എന്തെഴുതിയാലും
അതെല്ലാം ശരിയുത്തരങ്ങള്‍
അങ്ങനെയെങ്കില്‍
ആ യുവതിയെ വൃദ്ധനു
സ്പഷ്ടമായും സ്പര്‍ശിക്കാനാകും .
അതു കൊണ്ടാകാം
ആ , യുവതി വൃദ്ധനെ
അടുത്തേക്കു ക്ഷണിച്ചതു് .

വന്ന വഴിയെ തിരിഞ്ഞു
നടക്കുമ്പോള്‍
ജരാനരകള്‍ കാറ്റത്തു
പറന്നു പോകുന്നതും
കാര്‍ മേഘം വെള്ളിത്തല
മുടി കറുപ്പിക്കുന്നതും
അയാളറിഞ്ഞു
സ്വര്‍ണ്ണ വളകള്‍ കിലുക്കി
കടാക്ഷമുനകളില്‍
കാന്തങ്ങളും , ചുണ്ടുകളില്‍
നിറചക്ഷകങ്ങളുമായി
യുവതി വൃദ്ധനെ മാടി വിളിക്കുന്നു
ചെറുപ്പത്തിന്റെ ചുവ
രുചികളില്‍ പടരുമ്പോള്‍
പാമ്പു പടം പൊഴിച്ചതു
പൊലെ അകലെ
തന്റെ വൃദ്ധത്വം വിഹ്വലത -
യോടെ നെടുവീര്‍പ്പിടുന്നതു
യുവതിയുടെ അരികി -
ലെത്തിയ അയാള്‍
ഊഷ്മളതയോടെ കണ്ടു .

അപരാഹ്നങ്ങളകന്ന
അയാളുടെ കാഴ്ച
റോസപൂക്കള്‍ പോലുള്ള
ചുണ്ടുകളെയും , ആലില
പോലുള്ള വയറും തേടി
അവിടെയപ്പോളൊരു
യുവതിയുടെ പൂര്‍ണ്ണകായ
മെഴുകു പ്രതിമ മാത്രം
വെളിച്ചവും ഇരുട്ടുമകന്ന
അവിശ്വാസനീയതയില്‍
ചെറുപ്പവുമയാളെ വിട്ടകന്നു
ആ , അശാന്തിയിലയാള്‍
ഉരുകിയൊലിക്കുകയായി
അരികിലായി യുവതിയുടെ
പൂര്‍ണ്ണകായ മെഴുകുപ്രതിമ .

Tuesday, November 29, 2011

തെരുവിനെ പേടിയാണെനിക്കിന്നു്

ഡയോജനീസു്  പണ്ടു്
പണ്ടൊരു നാളില്‍
മെഴുകു തിരി തെളിച്ചു്
മുന്നോട്ടു നടന്നതു്
ഗോതമ്പു പാടത്തോ
മുന്തിരിത്തോപ്പുകളിലോയല്ല

അങ്ങനെയായിരുന്നെങ്കില്‍
തെരുവുകളില്‍ നിന്നും
അന്ധകാരം മായില്ലായിരുന്നു
പകല്‍ വെളിച്ചം
അന്ധാളിപ്പോടെ
തറച്ചു  നോക്കുമ്പോള്‍
ചിന്തയുടെ ചക്രവാള-
ത്തിലേക്കാ കൊച്ചു വെളിച്ചം
പുതിയ പാന്ഥാവൊരുക്കി
അറിവു കെട്ടവര്‍
ഭ്രാന്തനെന്നു വിളിച്ചു
അതിനപ്പുറം
തെരുവിലെ ആ യാത്ര
തടയാനുള്ളയവിവേകം
അവിടെയാര്‍ക്കുമില്ലായിരുന്നു

പിന്നെന്തെയിപ്പോള്‍
തെറ്റുകള്‍
അസഹനീയതയുടെ
അതിര്‍ വരമ്പു ഭേദിച്ചപ്പോള്‍
ഭരണ കൂടത്തിനെ
തെരുവിലിറങ്ങി
‍ഞാന്‍ , കൂക്കി വിളിച്ചതിനു്
എന്നെ കല്ലെറിഞ്ഞു കൊന്നതു് .

                                                                                                               


Sunday, November 27, 2011

അവിടെയൊരയ്യപ്പന്‍

ജനപ്രതിനിധികള്‍
ചിലപ്പോള്‍ മാത്രം
സ്നേഹിക്കുകയും
അതിലധികം
വഴക്കു കൂടുകയും
ചെയ്തിരുന്ന
നീണ്ടു നിവര്‍ന്നൊരാ
വെള്ളക്കെട്ടിടത്തിന്റെ,
പാതയേരത്തെ
നടപ്പാതയോടൊട്ടി
കാവലാളായ
പച്ച ചായമിട്ട കമ്പി
മതിലിന്റെ
സിമന്റു തിട്ടയിലിരുന്നു
ആ, സായാഹ്നത്തിലും,

ചതുരവടിവൊത്ത
മുഖം ലഹരിക്കു
തീറെഴുതാതെ സദാ
മന്ദഹാസത്തോടെ
കടല്‍ത്തിരകളായി
വാഹനങ്ങളും,ജനങ്ങളും
ഒഴുകിപോകുന്ന
എംജി റോഡിനെ
നോക്കി കവി
 നിശബ്ദമൊരു
കവിത ചൊല്ലുകയല്ലേ ?

അനുസരണയോടെ
പിന്നോട്ടു  സമൃദ്ധമായി
വളര്‍ന്ന തലമുടിയിഴക-
ളില്‍ വിരലോടിച്ചു
മുറുക്കാന്‍ ചുവപ്പിന്റെ
തിളക്കമുള്ള
ചുണ്ടുകളിലൊരു
കുസൃതി വിളിച്ചു വരുത്തി
എന്റെ സൗഹൃദത്തി -
നായി കവി  കൈനീട്ടി

മഹാ ഭാഗ്യത്തിന്റെ
അപൂര്‍വ്വ വരദാനം
പോക്കറ്റില്‍ കൈയ്യിട്ടപ്പോള്‍
കിട്ടിയതൊരഞ്ചു രൂപ
വണ്ടിയിടിച്ചു മരിച്ച
ഹതഭാഗ്യന്റെ പോക്കറ്റിലും
കവി കണ്ടതു്
ഇതായിരുന്നല്ലോ
അപ്പോള്‍
എന്റെ കാഴ്ചകളിലിരുട്ടേകി
കടലില്‍ താണ
അസ്തമയ സൂര്യനായി കവി
ഒക്ടോബര്‍ ഇരുപത്തിയൊന്നു
കടന്നു പോയി, വര്‍ഷം
ഒന്നു കഴിഞ്ഞില്ലേ .
Monday, November 21, 2011

നിരജ്ഞാ പറയൂ


നിരജ്ഞാ ! പറയൂ
കൊടും ക്രൂരതയുടെ
കടും ശിലയായി
നിന്റെ മനസ്സെങ്ങിനെ
രൂപാന്തരപ്പെട്ടു
ഇരയുടെ
ദയ യാചിക്കും
നിലവിളി
നിന്റെ കാതുകളി -
ലെങ്ങിനെ
സംഗീത മഴയായി ,
കൊടു വാളിന്റെ
തിളങ്ങുന്ന വായ്ത്തല
വെട്ടിപ്പിളര്‍ത്തുന്ന
പച്ച മാംസത്തിന്റെ
പിടച്ചില്‍
നിനക്കെങ്ങിനെ
കണ്‍കുളിര്‍ക്കും
ഇഷ്ട കാഴ്ചയായി ,

തൂക്കു കയറിനെ
സ്വപ്നം കാണുന്ന
നിരജ്ഞന്റെ
ചിന്തകള്‍ ഭൂത കാല -
ത്തിലേക്കു മടങ്ങി
പുരുഷാരം തിങ്ങി
നിറയുന്ന മഹാ നഗരം
അവിടെ ,
പാതയോരത്തു
ഒരനാഥ ബാലന്‍
നിസ്സഹായനായി
കരഞ്ഞു തളര്‍ന്നു
നില്ക്കുന്നു
ആരുമതു കാണുന്നില്ല
ആരും തന്നെ .......

Sunday, November 13, 2011

രണ്ടു കവിതകള്‍


തിരിച്ചറിവു്
ഞാന്‍ പറയാന്‍ വിസ്മരിച്ചതും
അവള്‍ പറയാന്‍ ഉദ്യമിക്കാത്തതും
ഒന്നു തന്നെയെന്ന യാഥാര്‍ത്ഥ്യം
സമയത്തിന്റെ നീണ്ട
ഇടനാഴിയുടെ അന്ത്യത്തിലാണു
ഒടുവില്‍ , ഞങ്ങള്‍ തിരിച്ചറിഞ്ഞതു് .


ഭീകരപ്രവര്‍ത്തനം
പ്രണയമില്ലാത്ത രതി
മനുഷ്യശരീരത്തിലെ
ഭീകരപ്രവര്‍ത്തനം
ഒരു താലിച്ചരടിന്റെ
അധികാരത്തില്‍
അയാളവളുടെ
ഇഷ്ടാനിഷ്ടങ്ങളിലേക്കു
നടത്തുന്നയശ്വമേധം
അവസാനിക്കുന്നതു
ഈ , ഭീകരപ്രവര്‍ത്തനത്തില്‍
അതു കഴിഞ്ഞു്
പല്ലുകളുടെയും, നഖങ്ങളുടെയും
സാധാരണ മുറിവുകളുമായി
അവള്‍ സജീവമാകുമ്പോള്‍
മനസ്സു് ഛിന്നഭിന്നമാണു് .

Friday, November 4, 2011

സൗമ്യയുടെ സ്വപ്നം


അങ്ങനെയൊരു
കൊച്ചു വീടു് , അമ്മേ
നമ്മള്‍ പണിയും
സ്വപ്നത്തിലെ വീടു്

വിശാലമാകണം
എന്റെ സ്വന്തം മുറി
അതു, ഹൃദയ
വിശാലതയുടെ
അടയാളമാകണം


മുറിയു‍ടെ ചുമരില്‍
തട്ടുകള്‍ തീര്‍ക്കണം
നിറയെ പാവകളതില്‍
നിരത്തി, നിരത്തി വെയ്ക്കാം
പാവകളുടെ ഹൃദയ-
സ്പന്ദനങ്ങളവിടെ
നമുക്കു, അമ്മേയെന്നും
കാതോര്‍ക്കാം

പൂമുഖത്തു നിന്നു
നേരെ നോക്കുമ്പോള്‍
കാണണം ; കണ്ണുകളില്‍
നിര്‍വൃതിയേകാന്‍
കാര്‍വര്‍ണ്ണന്റെ
നല്ലൊരു വിഗ്രഹം.

അങ്ങനെയൊരു
കൊച്ചു വീടു്  അമ്മേ
നമ്മള്‍  പണിയും
സ്വപ്നത്തിലെ വീടു്

*   *     *    *   *  *

പാതി പണി തീര്‍ത്ത
വീടിനുള്ളിലിന്നു,
അമ്മയെന്‍ പാവകളെ
നിരത്തി വെച്ചു
ആ , പാവകളും മരിച്ചു
പോയിരിക്കുന്നു

എന്റെ വളപ്പൊട്ടുകളും,
ഉടുപ്പുകളും നിധിയായി
അമ്മ സൂക്ഷിക്കുന്ന
വീട്ടിലിന്നു ഞാനില്ല
ഇനിയെന്തിനൊരു
വീടെനിക്കു സ്വന്തം!!

അന്നു, ഞാനമ്മയോടു
പറഞ്ഞതെന്റെ
സ്വപ്നം മാത്രം
ഓടിക്കൊണ്ടിരുന്ന
തീവണ്ടിയില്‍
നിന്നും വീണുടഞ്ഞ
സൗമ്യയുടെ സ്വപ്നം ,
അമ്മയുടെയോര്‍മ്മക -
ളിലും , ഞാന്‍ ; സ്വപ്നം .


 സ്വന്തം വീടിനെക്കുറിച്ചുള്ള സൗമ്യയുടെ
കൊച്ചു, കൊച്ചു സ്വപ്നങ്ങള്‍ ,  സൗമ്യയുടെ
അമ്മ മാദ്ധ്യമങ്ങളുമായി പങ്കു വെച്ചതു
കവിതയ്ക്കാധാരം
Sunday, October 30, 2011

നെഞ്ചിലൊരു വെടിയുണ്ട

                                      നെഞ്ചിലൊരു വെടിയുണ്ട
                             
                              കെട്ടു പോകാത്ത
                              തീ പോലെ
                              തോര്‍ന്നു തീരാത്ത
                              മഴ പോലെ
                              ഒരു മാളങ്ങളിലു
                              മൊളിച്ചു കഴിയാത്ത
                              ധീരതയുമായി ,
                              കവിതകളില്‍
                              വിപ്ലവത്തിന്റെ
                              വിയര്‍പ്പിനുപ്പു
                              ഗന്ധവും പേറി
                              അയാളെന്നും
                              നിവര്‍ന്നു നില്ക്കുന്നു

                              പട്ടിണിയെന്ന
                              മാരണത്തെ
                              നൂറു കോടിശ്വര
                              കണക്കുകള്‍ കാട്ടി
                              പേടിപ്പിക്കാൻ
                              നോക്കുന്ന നാട്ടില്‍
                              നട്ടെല്ലുറപ്പുള്ളൊരു
                              പോരാളിയായി
                              അയാളെന്നും
                              ഒരു പർവ്വത നിരയായി
                              ഉയര്‍ന്നു നിന്നു

                               ഉച്ചസ്സൂര്യനെപ്പോലെ
                              ആ, ജ്വലിക്കുന്ന മുഖം
                              ഞങ്ങൾക്കു കാണാനായില്ല
                              ന‍ട്ടെല്ലു വളഞ്ഞും,
                              മുതുകു കുനിഞ്ഞും
                              ഞങ്ങളുടെ മുഖം
                              താഴോട്ടുമായിരുന്നു
                             
                              നെഞ്ചിലവശേഷിച്ച
                              വെടിയുണ്ട
                              പോരാട്ട വേളയില്‍
                              വേദനയേകുമ്പോള്‍
                              അടങ്ങി കിടക്കൂ
                              ശല്യമേയവിടെ
                              എന്നു ശാസിക്കുന്നു

                             കാഴ്ചകള്‍ക്കപ്പുറത്തു
                             ആരവങ്ങളുയരുന്നു
                             ജീവിതയുദ്ധത്തില്‍
                             ഒരിക്കലും
                             ഒരു പോരാളിയും
                             ഒറ്റയ്ക്കാകില്ലാ.Thursday, October 20, 2011

കണ്ണാടി വീടു വിട്ടു പോകുന്നയാള്‍


               കാലത്തിന്റെ
               ബര്‍സാത്തിയില്‍ നിന്നും
               യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു
               കല്ലുപ്പിളര്‍ക്കുന്ന വാക്കുകളാല്‍
               സര്‍ഗ്ഗ ശില്പങ്ങളെത്ര 
               കൊത്തിയൊരുക്കിയ
               ഉഷ്ണമേഖലയിലെ സൂര്യ ശില്പി
               ആരോടുമടിയറവു പറയാതെ 
               ഭാവനയുടെ തേരോടിച്ചു 
               നവസാഹിത്യ പാന്ഥാവിലൂടെ,
               ജീര്‍ണ്ണതയ്ക്കെന്നുമതു 
               പേക്കിനാവായി
               യഥാസ്ഥിതികത്വത്തിന്‍
               കണ്ണിലതിരുട്ടേകി.

               ഉയര്‍ന്നു പറക്കുന്നു 
               പീ‍ഢിതന്റെ പറങ്കിമലയില്‍
               മാനവികതയുടെയേഴാം മുദ്രയുമായി
               ജീവിത വിജയത്തിന്‍ 
               ശ്രീ ചക്രം തിരിയും 
               അശ്വത്ഥാമാവിന്റെ ചിരി പോലെ
                ഈ സൂര്യ ശില്പി 
                തീപിടിച്ച കൈയ്യാല്‍ നാട്ടിയ
                അജ്ഞതയുടെ താഴ്വാര 
                തകര്‍ത്ത സര്‍ഗ്ഗ കൊടിക്കൂറ.

                യുദ്ധാവസാനമായി
                ആരുടെയോ ഒരു നഗരത്തിലേക്കു 
                ഇന്നലെയുടെ നിഴലുപേക്ഷിച്ചു
                ഓര്‍മ്മകളുടെ തീരങ്ങളിലുദയമാകാന്‍
                പുറത്തേക്കുള്ള വഴിയിലൂടെ
                ഈ കണ്ണാടി വീടു വിട്ടു  പോകുന്നാ 
                സാഹിത്യ സംഗ്രാമ ധീരന്‍ .
                           --------------------------------------------
                     കാക്കനാടന്‍ കൃതികള്‍
                ബര്‍സാത്തി, അടിയറവു് , ഉഷ്ണമേഖല , പറങ്കിമല ,
                ഏഴാംമുദ്ര , ശ്രീചക്രം, അശ്വത്ഥാമവിന്റെ ചിരി,
                അജ്ഞതയുടെ താഴ്വാര, യുദ്ധാവസാനം, ആരുടെയോ
                ഒരു നഗരം, ഇന്നലയുടെ നിഴല്‍, തീരങ്ങളിലുദയം,
                 പുറത്തേക്കുള്ള വഴി, കണ്ണാടിവീടു് .
Thursday, September 29, 2011

ഒരു പകല്‍കിനാവു്


എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തി -
ലൊരുജ്ജ്വല വര്‍ണ്ണപുഷ്പം വിടര്‍ന്നു
കണ്ടിട്ടില്ല ഞാനിതുവരേക്കുമിത്ര
അഴകു വിതറിടും വര്‍ണ്ണരാജികള്‍
ഏഴല്ലെഴുന്നൂറല്ലതിന്‍ നിറങ്ങള്‍
ന്നുടെ ചിന്തകള്‍ കണക്കു കൂട്ടി
 ഭ്രമിച്ചും ലയിച്ചും മനസ്സും,മതിയും
 മനോരമ്യം നോക്കി മിഴിയെടുക്കാതെ

 വിട്ടകന്നുവല്ലോയപ്പോളെന്നുമനുയാത്ര
ചെയ്തിടുന്ന ദുഷ്ടദുരന്തങ്ങള്‍ ക്ഷണം
കയ്പുനീര്‍ നിറച്ചു വെച്ചൊരാ ജീവിത
പാനപാത്രം കമഴ്ത്തി , വിധിയെന്നുത്സാ-
ഹ, സല്ലാപ നൃത്തച്ചുവടുകള്‍ക്കിടെ,
ആമോദമോ, ഹിതമോടെ പിടികൂടി
എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തിലാ
സുന്ദര സൂനം സുസ്മിതം തൂകി നില്പൂ

വസന്തസമാഗമ സുഖദകാല -
മണഞ്ഞതാകാമിന്ദ്രിയങ്ങളില്‍ പ്രാണന്‍
താളമിട്ടു, കാമനകള്‍ ചിറകു വി-
തിര്‍ത്തു; കെട്ടുപോയി സന്താപജ്വാലകള്‍
മുകമാമാകാശം മറച്ചൊരാ കരി -
മേഘ നിരയുമകന്നു തെളിവാര്‍ന്നു
നീലവാനം വിരിഞ്ഞൂ മഴവില്ലുകള്‍
ഹര്‍ഷമോടെ വിരല്‍ത്തുമ്പാല്‍ മൃദു സ്പര്‍ശ -
ത്തിനായി കൊതിച്ചെത്തിയരികെ ഞാന്‍

ഹാ! പകല്‍കിനാവതു പൊലിഞ്ഞു പൂവും
കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും
കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
ന്തേ, നിയതി തന്നുടെ തത്വ ശാസ്ത്രമേ?

        ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...