Sunday, January 30, 2011

മഞ്ഞക്കെട്ടിടം


                         ഉയര്‍ന്നു നില്ക്കുന്നു മുന്നിലുയരത്തിലേക്കു
                         പോകുന്ന ബഹു നില ഫ്ലാറ്റെന്നുടെ മുന്നിലായി
                         ഓര്‍മ്മയില്‍ തെളിയുന്നോരോടിട്ട മഞ്ഞ കെട്ടിടം
                         അതിനുമ്മറത്തിണ്ണയും, തുളസിത്തറയും

                        പിന്നോട്ടു പിന്നോട്ടു പോകുന്നു കാലമിതു
                        തുറക്കുന്നു സ്മരണകള്‍ തന്‍ ചന്ദന വാതില്‍
                        പൂവിട്ടു നില്പതിന്നുമവിടെയെന്‍ ഹൃത്തിൽ -
                        മായാത്ത മുദ്രകളെത്രയോ, തീര്‍ത്ത കൌമാരം

                        സ്വപ്നത്തിന്‍ പവിഴ വിരലുകളുകളെന്നെ
                        പതിവായി വന്നു വിളിച്ചുണര്‍ത്തിടുമ്പോള്‍
                        സ്വര്‍ഗ്ഗത്തില്‍ നിന്നപ്പോള്‍ പൊഴിഞ്ഞു വീണതാകുമാ
                        ഇന്ദ്രനീലക്കല്ലുകളിന്നും കാണ്മതവിടെ

                        സംവത്സരങ്ങളെത്ര കഴിഞ്ഞെങ്കിലുമമ-
                        രത്വമാര്‍ന്നൊരെന്‍ യൌവ്വന സുദിനങ്ങളോ
                        പാതയരികിലെ തണല്‍ ദ്രുമങ്ങളെ പോലീ
                        ജീവിതത്തിനു തണലേകാന്‍ നിരന്നു നില്പൂ

                        ആകസ്മികമീ , സ്മൃതികള്‍ തന്നുത്സവരംഗം
                        ഇല്ലിന്നവിടെയാ, ഹാ! കൊച്ചു മഞ്ഞക്കെട്ടിടം
                        ഉയര്‍ന്നു നില്ക്കുന്നു കോട്ടക്കൊത്തളം പോലൊരു
                        ഫ്ളാറ്റിന്‍ നിരയെന്‍ കൗമാരകാലത്തിന്‍ മുകളില്‍

                       ഓട്ടു പാത്രമതു മോറുന്നൊരൊച്ചയൊരുച്ച-
                       യ്ക്കെന്‍ കാതില്‍ വന്നു വീണതിന്‍ മുഴക്കമലയതും ,
                       കാണാമറയത്തന്നു 'ശ്, ശ് 'എന്നൊരു കള -
                       മൊഴി കേട്ടതും, മുല്ല മലരുകള്‍ വിടരും ചുണ്ടും
                       മാടി വിളിക്കുന്ന നീലാഞ്ജന മിഴികളും
                       ആ, വിശുദ്ധ സംഗമത്തിനമൂർത്ത രംഗങ്ങൾ
                       ഇന്നും തെളിയുന്നു മനസ്സിന്റെ സ്ക്രീനിതിൽ

                        വീടു മാറ്റത്തിന്റെ ദുര്‍ദ്ദിനമന്നാ , മഞ്ഞക്കെ -
                       ട്ടിടത്തിന്നാകാശത്തെയോ മൂടി കാര്‍മേഘങ്ങള്‍ ;
                       പെയ്തിറങ്ങിയവയെന്‍ മനസ്സില്‍ പേമാരിയായി
                       അന്തരാത്മാവോ നൂലു പൊട്ടിയ പട്ടമായി .
                       ടാക്സി കാറിന്‍ പിന്‍ വാതില്‍ ചില്ലിലൂടെയാ കരി 
                       മഷിയെഴുതിയ കണ്ണിലെ കണ്ണീര്‍ കണ്ടു ,ഞാന്‍
                       യാത്ര പറയുന്നു നിശ്ശബ്ദം ശിരസ്സാട്ടിയ -
                       പ്പോഴും , പൂവിടുന്നു രാഗമന്ദാര തരുക്കൾ
                       പിന്നെത്രയോ വട്ടം നെടുവീര്‍പ്പിന്നനുയാത്ര
                       ചെയ്തെന്‍ സുഖസ്മരണകളാ , വീടിന്‍ മുന്നില്‍
                       ഇന്നവിടെയുയര്‍ന്നൊരു പടുകൂറ്റന്‍ മന്ദിര -
                       മതിന്‍ മുന്നില്‍ തെളിയുന്നാ കണ്ണീര്‍മണികളും .


14 comments:

 1. ഗ്രാമങ്ങളധിവേഗം നഗരങ്ങളാകുന്ന യാത്രയില്‍ തകര്‍ന്നു വീഴുന്നു ചൂളയും ചൂളമരങ്ങളും; ബാല്യമൂഞ്ഞാലു കെട്ടിയ നന്‍മയുടെ തേന്‍മാവുകളും. കൊള്ളാം. ഇഷ്ടമായി

  ReplyDelete
 2. കവിത ഇഷ്ടപ്പെട്ടു..പക്ഷെ വായിച്ചെടുക്കാനുള്ള തത്രപ്പാട് കുറച്ചൊന്നുമല്ല..

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ആ ഇല്ലത്തിനും തുളസിത്തറക്കും പകരം ആവാന്‍ വേറെ എന്തിനാവും ,

  ReplyDelete
 5. നന്നായിരിക്കുന്നു. ഓർമ്മകളുടെ ഒരു പടപ്പുറപ്പാട്.

  ReplyDelete
 6. നന്നായി മാഷെ ..ഇഷ്ടപ്പെട്ടു :)

  ReplyDelete
 7. ഇനിയുള്ള കാലം പഴയത് ഓര്‍ത്തു കവിതയും കഥയും രചിക്കുകയല്ലാതെ എന്ത് ചെയ്യാന്‍

  ReplyDelete
 8. കവിത നിറഞ്ഞുനില്ക്കുന്ന വരികൾ.
  വർണനകളുടെ ആധിക്യം വരികളിലെ ലാളിത്യത്തെ കവരുന്നുവോ.

  ReplyDelete
 9. ഓര്‍മകളുടെ മാധുര്യം.......നന്നായിരിക്കുന്നു..

  ReplyDelete
 10. നല്ല വരികള്‍ ...

  കവിത എഴുതുമ്പോള്‍ വരികളുടെ എണ്ണത്തിനു പ്രാധാന്യമുണ്ടോ?
  എനിക്ക് അറിയില്ല ....

  ആശംസകള്‍ ......

  ReplyDelete
 11. maduramulla ormmakalilekku oru madakka yaathra..... aashamsakal...........

  ReplyDelete
 12. പഴയ നല്ലതുകൾക്കൊന്നും പകരം വെക്കുവാൻ ഇന്ന് ഒന്നും തന്നെയില്ലല്ലോ...

  ReplyDelete

പിണക്കം

അരിയമലർകണ്ണുകളിൽ പരിഭവത്തെളിനീരുതിർന്നു വിറയാർന്നിടുന്നു നാസിക അധരങ്ങൾ കോണുകൾ തേടി മുഖം വെട്ടിത്തിരിച്ചു കമ്പിത ഗാത്ര, പിണക്കത്തിൻ ...