Sunday, June 19, 2011

ഏകയായി ഗംഗയില്‍

                        ഏകയായി ഗംഗയിൽ
               
               ഗംഗേ ,  ഒഴുകിടുന്ന ജലമിതേതു
               കണ്‍കളിലൂറും ദു:ഖ ബാഷ്പ പ്രവാഹം ?
               ഇന്നു നീയുമനാഥയോ,യേകയാക്കി
               വേർപിരിഞ്ഞുവോ , ഉറ്റവരുടയവർ? ,
               ജീവരക്തമേകി നീയൂട്ടി വളര്‍ത്തി 
               വലുതാക്കിയ മക്കളകന്നു പോയോ ?
               ഖിന്നയായി നീ കേഴുന്ന ശോക ശബ്ദം
               അറിയുന്നു ഞാനിന്നു, നിന്നുടെ നെഞ്ചകം
               നൊമ്പരത്താലെന്നും പിടഞ്ഞിടുന്നതും 
               വിരക്ത ജീവിതമേകുമഴലിലും
               ജനതതിയിതിലെയേകാന്തതയും .

               നനഞ്ഞിടുന്നു പാതിയുമെന്നുടെ ദേഹം
               നിന്നക്ഷികളതിന്റെ ദു:ഖ ധാരയിൽ
               നാളുകള്‍ക്കു മുമ്പിവിടെ വന്നെത്തിയ
               എന്നാഹ്ലാദം പൂത്തിരി കത്തിച്ചതോ
               ഓര്‍മ്മയിലാത്മീയ വെളിച്ചമേകിടൂ
               പേരക്കിടാങ്ങള്‍ , മകന്‍ , മകളുമെല്ലാരു -
               മൊത്തു ചേര്‍ന്നു നിന്‍ പുണ്യ പുളിനത്തില്‍ 
              മോക്ഷ മാര്‍ഗ്ഗം തേടി , പാപ ഭാണ്ഡങ്ങളോ
              ഒഴുക്കിടൂ നിൻ തെളിർ മിഴിനീരതിൽ
              പിന്നെ , വിശുദ്ധ തീര്‍ത്ഥം കോരിക്കുടിച്ചു,
              വണങ്ങിയെന്‍ പാദങ്ങളിലനുക്രമം 
              തലമുറകള്‍ , ജീവിതത്തിനര്‍ത്ഥമാത്മീയ
              നിര്‍വൃതിയാണെന്നറിഞ്ഞന്നു , ഞാൻ
              ആ, ധന്യ നിമേഷത്തിലാനന്ദമെന്നിൽ
              അലയടിച്ചുയംബരമേറിയപ്പോൾ

               ജലമുയര്‍ന്നി‍ടുന്നുയെൻ നെഞ്ചോളം
              നിന്റെ, കുളുര്‍ വെള്ളത്തിലും ചൂടാര്‍ന്നുയെൻ
              ചിന്തകളും ഉള്‍ത്തടവും, ജീവിതവും
              ഉറക്കമുണര്‍ന്നിടുന്നൊരാ പകലില്‍
              അന്നു, ഞാൻ തിരഞ്ഞതാണെന്നുറ്റവരെ
              കണ്ടെത്തിയില്ല,തേടി,തേടി നടന്നു,
              തീവണ്ടികളിലോരോന്നായി തിരഞ്ഞു
              ഒരു പാഴ് ഭാണ്ഡമായി ത്യജിച്ചതാ -
              ണവരീ, വൃദ്ധഭാരത്തെ മോക്ഷദായിനി

              ഉയരുന്ന ഗംഗേ, നീയെൻ വെള്ളി മുടി
              നാരുകളെ തഴുകുന്നതറിയുന്നു
              കര്‍ണ്ണങ്ങളെയും ,നാസാരന്ധ്രങ്ങളെയും
              എവിടെ ദേവിയെന്നുടെ മോക്ഷമാര്‍ഗ്ഗം
              നിലവിളിച്ചോടുന്നൊരു വൃദ്ധ വിഹ്വലം
              കാശി റെയില്‍വേ പ്ലാറ്റ് ഫോമിലന്നും.

                                 
                            മക്കളും ഉറ്റവരും കൗശലപൂര്‍വ്വം ഉപേക്ഷിച്ച
               വൃദ്ധ മാതാപിതാക്കള്‍ കാശി റെയില്‍വേ സ്റ്റേഷനില്‍
              നിലവിളിച്ചോടുന്ന ദൃശ്യത്തെക്കുറിച്ചും ഒടുവിൽ അവർ ഗംഗ
              യിലന്ത്യാഭയം കണ്ടെത്തുന്നതിനെക്കുറിച്ചും ഒരു പ്രമുഖ വൃ
              ത്താന്ത പത്രത്തിൽ വന്ന ലേഖനമാണു ഈ കവിതയ്ക്കാ
              ധാരമായതു്.
                          

36 comments:

 1. ഗംഗ...എല്ലാറ്റിനും മൂകസാക്ഷി

  ReplyDelete
 2. ഗംഗക്കു കണ്ടു മനസ്സ്
  തകരാന്‍ ഇനിയും കാഴ്ചകള്‍
  എത്രയോ ബാകി ...

  കവിത ഗംഗാ തീരത്ത് കൂടി
  നടത്തി..ആശംസകള്‍ ...ജെയിംസ്‌ ചേട്ടന്‍ .

  ReplyDelete
 3. പഴയകാല കവിതാ ചട്ടക്കൂട്ടിലൊരു കവിത :)
  വായിച്ചു.. :)

  ReplyDelete
 4. വൃദ്ധരായി കാശി, ഗംഗ, നാം. കവിത ജീവിതത്തിന്റെ ഏകാന്തതീരത്ത് നിൽക്കുന്ന പോലെ.

  ReplyDelete
 5. ഉയരുന്നു ഗംഗേ നീയെന്‍ വെള്ളിമുടിനാരുകളെ
  തഴുകിടുന്നു എവിടെ ദേവിയെന്‍ മോക്ഷമാര്‍ഗ്ഗം
  നിലവിളിച്ചോടുന്നുയൊരു വൃദ്ധയപ്പോഴാ കാശി
  റെയില്‍വേ പ്ലാറ്റ് ഫോമിലലയും കൊടുങ്കാറ്റു പോല്‍
  മോക്ഷം കിട്ടുമല്ലോ...
  നല്ല കവിത

  ReplyDelete
 6. ഗംഗയുടെ പരിസരങ്ങളില്‍ 'മോക്ഷത്തിന്' എന്ന പേരില്‍ 'ഇഷ്ടബന്ധുക്കളാല്‍' തന്ത്രപൂര്‍വ്വം ഉപേക്ഷിക്കപ്പെടുന്ന വായോജനങ്ങളുടെ ദുരന്ത മുഖമോര്‍ത്തു കൊണ്ട് ഞാനിത് വായിച്ചു തീര്‍ത്തു.

  മാഷിന് അഭിനന്ദനങ്ങള്‍..!!!

  ReplyDelete
 7. നിശ്ശബ്ദയായി ഗംഗാ മാതാവ് തേങ്ങുന്നുണ്ടാവും..നല്ല കവിത...മനസ്സില്ലൊരു നൊമ്പരം ബാക്കിയാക്കി

  ReplyDelete
 8. പ്രിയപ്പെട്ട ജെയിംസ്‌,
  വളരെ മനോഹരമായ കവിത!
  മക്കള്‍ വയസ്സായ മാതാപിതാക്കളോട് ഈ ക്രൂര കൃത്യം ചെയ്യാന്‍ എങ്ങിനെ മനസ്സ് വരുന്നു?വിശ്വസിക്കാന്‍ വയ്യ!കവിത വായിച്ചു തീരുമ്പോള്‍ മനസ്സില്‍ വിഷമം ഉണ്ട്!
  ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 9. ജലമുയരുന്നു നെഞ്ചോളം നിന്‍ കുളുര്‍ വെള്ളത്തിലും..
  ----

  കുളിർ വെള്ളമല്ലേ..
  കവിത മനോഹരമായിരുന്നു
  അഭിനന്ദനങ്ങള്‍..!!!

  ReplyDelete
 10. ജയിംസ്‌, നന്ദി.ഒരു വൃദ്ധമനസ്സിനൊപ്പം ആനുകാലിക ചിത്രം വരച്ചതിന്‌.

  ReplyDelete
 11. ..ഗംഗേ നീയെന്‍ വെള്ളി
  മുടിനാരുകളെ തഴുകിടൂ
  കര്‍ണ്ണങ്ങളെ ,നാസാരന്ധ്രങ്ങളെ
  എവിടെ ദേവിയെന്‍ മോക്ഷമാര്‍ഗ്ഗം...!

  അവിടെയെങ്കിലും ശാന്തി ലഭിക്കട്ടെ..!

  അക്ഷരത്തെറ്റ് ശ്രദ്ധിക്കണേ..

  കവിത നന്നായിട്ടുണ്ട്.
  ആശംസകള്‍..!!

  ReplyDelete
 12. ganga iniyum oazhukum, mooka sakshiyayi......................

  ReplyDelete
 13. ഒരു പാഴ് ഭാണ്ഡമായി ത്യജി-
  ച്ചതാണവരീ വൃദ്ധഭാരത്തെ

  ReplyDelete
 14. നല്ലൊരു വിഷയത്തിലൂന്നിയ നല്ലൊരു കവിത.
  അഭിനന്ദനങ്ങൾ.

  ReplyDelete
 15. നിന്നെക്കുറിച്ചാര് പാടും - ദേവി
  നിന്നെതിരഞ്ഞാര് കേഴും
  സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ
  നിന്നെക്കുറിച്ചാര് പാടും
  വരള്‍നാവു താഴുമീ വംശതീരങ്ങളില്‍
  നിന്‍ നെഞ്ചിനുറവാര് തേടും -
  -മധു സൂധനന്‍ നായര്‍-
  ഗംഗയെ ക്കുറിച്ച് ഞാന്‍ കേട്ട
  കവിതകളില്‍ ഏറ്റവും ഇഷ്ട പ്പെട്ട കവിതകളില്‍
  ഒന്നായിരുന്നു മധുസൂദനന്‍ നായരുടെ ഗംഗ.

  "ഉയരുന്നു ഗംഗേ നീയെന്‍ വെള്ളി
  മുടിനാരുകളെ തഴുകിടൂ
  കര്‍ണ്ണങ്ങളെ ,നാസാരന്ധ്രങ്ങളെ
  എവിടെ ദേവിയെന്‍ മോക്ഷമാര്‍ഗ്ഗം
  നിലവിളിച്ചോടുയൊരുവൃദ്ധ
  കാശി റെയില്‍വേ പ്ലാറ്റ് ഫോമിലന്നും.


  മക്കളും ഉറ്റവരും കൗശലപൂര്‍വ്വം ഉപേക്ഷിച്ച
  വൃദ്ധ മാതാപിതാക്കള്‍ കാശി റെയില്‍വേ സ്റ്റേഷനില്‍
  നിലവിളിച്ചോടുന്ന തപ്തദൃശ്യം സര്‍ച്ചസാധാരണം.

  ജയിംസ് സണ്ണി ഇവിടെ
  ഗംഗയുടെ മറ്റൊരു മുഖം തെളിയിച്ചുതരുന്നു

  ReplyDelete
 16. നല്ല കവിത. വിഷയം ചിന്തനീയം. പലരും ഗദ്യരൂപത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ കവിഭാഷ്യം. ആശംസകൾ!

  ReplyDelete
 17. വായിച്ചു തീര്‍ന്നിട്ടും..ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധ മാതാപിതാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ നിലവിളിച്ചോടുന്ന ദൃശ്യം മനസ്സില്‍ നിന്നും മായുന്നില്ല..നൊമ്പരമുണര്‍‌ത്തിയ കവിത.
  ആശംസകള്‍ മാഷേ..കവിത മനസ്സിനെ സ്പര്‍‌ശിച്ചു.

  ReplyDelete
 18. ഉള്ളതെല്ലാം ഊറ്റിയെടുത്ത് ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ ദയനീയ ദൃശ്യം ഇന്നിന്‍റെ 'പുതുമ' !!അമ്മയെ തൊഴുത്തില്‍ 'പാര്‍പ്പിച്ച 'മക്കളെക്കുറിച്ച് വാര്‍ത്ത ...
  നല്ല കവിതാവിഷ്കരണം...അഭിനന്ദനങ്ങള്‍ !!

  ReplyDelete
 19. ശരിക്കും മനസ്സിനെ സ്പര്‍ശിച്ച കവിത. വായിച്ചു തുടങ്ങിയപ്പോള്‍ കരുതിയത്‌ നദിയെ പറ്റിമാത്രമാണെന്നാണ്. അവസാന വരികലെത്തിയപ്പോള്‍
  നെഞ്ചകം കത്തി

  ReplyDelete
 20. നന്നായിരിക്കുന്നു കവിത...
  ഏതെങ്കിലും വൃത്തത്തിലാണൊ എഴുതിയത്...?

  അഭിനന്ദനങ്ങൾ....

  ReplyDelete
 21. ഗംഗാതീരത്ത് എത്തിയ പ്രതീതി... ആശംസകൾ

  ReplyDelete
 22. നല്ല കവിതക്ക് എല്ലാഭാവുകങ്ങളും

  ReplyDelete
 23. കാശി റെയില്‍ വേ സ്റ്റേഷനില്‍ മാത്രമല്ല, ചവറു വലിച്ചെറിയുനത് പോലെ എവിടെയും വൃദ്ധജനങ്ങളെ വലിച്ചെറിയുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ട് വരുന്നത്. അത് മനോഹരമായ ഈ കവിതയിലൂടെ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍.

  ReplyDelete
 24. ഈശ്വരാ.
  ഈയടുത്ത് ഹരിദ്വാറിൽ ഗംഗയിൽ മുങ്ങിയിരുന്നു. ഗംഗ മന്ത്രിച്ചതും മന്ത്രിക്കാതിരുന്നതും എത്ര...
  കവിത നന്നായി. നിശ്ശബ്ദജന്മങ്ങളുടെ വേദനയുടെ ചരടു ബലത്തിൽ കെട്ടി കോർത്തിരിക്കുന്നു. ആശംസകൾ.

  ReplyDelete
 25. നേരോയിതക്കെ ..കാലം അവര്‍ക്ക് മാപ്പുനല്‍കുമോ...കണ്ണീരിന്റെ ഉപ്പ് അരിച്ചിറങ്ങുന്ന കവിത...

  ReplyDelete
 26. ഗംഗയിലൊരുപാട് കണ്ണീർത്തുള്ളികളുണ്ട്......കണ്ടാലും പലരും കാണാത്ത മട്ടിൽ കടന്നുപോകും.

  കവിത നന്നായി. അഭിനന്ദനങ്ങൾ

  ReplyDelete
 27. >> ജലമുയര്‍ന്നി‍ടുന്നു നെഞ്ചോളം
  നിന്‍ കുളുര്‍ വെള്ളത്തിലുംചൂടാര്‍ന്നു <<

  കുളിര്‍വെള്ളം എന്നല്ലേ ശരി?


  >> നിലവിളിച്ചോടുയൊരുവൃദ്ധ
  കാശി റെയില്‍വേ പ്ലാറ്റ് ഫോമിലന്നും. <<

  "നിലവിളിച്ചോടുമൊരു വൃദ്ധ" എന്നാക്കൂ.

  ഹൃദയത്തില്‍ തൊട്ടു മാഷേ. വരികള്‍ നെഞ്ചില്‍ കൊണ്ടു.

  **

  ReplyDelete
 28. കുളുര്‍ = തണുപ്പുള്ള - ശബ്ദതാരാവലി
  'കുളുര്‍ക്ക നോക്കിപ്പുനരെന്മുളാരെ '- ലീലാതിലകം
  കുളുത്തു് - പഴംചോറു്

  നിലവിളിച്ചോടുയൊരു വൃദ്ധ - മുമ്പു നടന്നതിന്റെ ആവര്‍ത്തനം
  സൂചിപ്പിക്കാന്‍ .
  നിലവിളിച്ചോടുമൊരു വൃദ്ധ- ആദ്യമായി എന്ന ധ്വനിയുണര്‍ത്തും
  കണ്ണൂരാന്‍ അഭിപ്രായത്തിനു നന്ദി

  ReplyDelete
 29. എല്ലാത്തിനും സാക്ഷിയായി ഗംഗാ നദി......

  ReplyDelete
 30. ഈ കവിത വായിച്ചു ഒരു പാടിഷ്ടപെട്ടു .വായിച്ചപ്പോള്‍ കമന്‍റു ചെയ്യാന്‍ പറ്റിയില്ല .അതിനാല്‍ വീണ്ടും വന്നു .

  ReplyDelete
 31. ഗംഗേ ഒഴുകുന്ന ജലമിതേതു
  കണ്‍കളിലൂറിടും ദു:ഖ ബാഷ്പ
  പ്രവാഹമിന്നു നീയുമനാഥയോ


  മഷേ, വളരെ ലളിതമായി, മനസ്സില്‍ കൂര്‍ത്ത ശരമായി ഇറങ്ങി ഈ കവിത.

  ReplyDelete
 32. പഴയ കാലത്തെ ഒരു കവിത വായിച്ച ഒരു സുഖം

  ReplyDelete
 33. കരയുന്നു ഗംഗയിന്നു മോക്ഷ പ്രാപ്തിക്കായ്!
  പരമോക്ഷത്തിനു കഴുകിയിരക്കുമീ വേളയില്‍
  ആര് കേള്‍ക്കും ഈ ഗംഗയിന്‍ ഗദ്ഗദം...?

  കവിത നന്നായിരിക്കുന്നു...ആശംസകള്‍

  ReplyDelete
 34. കവിത നന്നായിട്ടുണ്ട്.
  ആശംസകള്‍..!!ഗംഗേ ഒഴുകുന്ന ജലമിതേതു
  കണ്‍കളിലൂറിടും ദു:ഖ ബാഷ്പ
  പ്രവാഹമിന്നു നീയുമനാഥയോ

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...