Tuesday, November 29, 2011

തെരുവിനെ പേടിയാണെനിക്കിന്നു്

ഡയോജനീസു്  പണ്ടു്
പണ്ടൊരു നാളില്‍
മെഴുകു തിരി തെളിച്ചു്
മുന്നോട്ടു നടന്നതു്
ഗോതമ്പു പാടത്തോ
മുന്തിരിത്തോപ്പുകളിലോയല്ല

അങ്ങനെയായിരുന്നെങ്കില്‍
തെരുവുകളില്‍ നിന്നും
അന്ധകാരം മായില്ലായിരുന്നു
പകല്‍ വെളിച്ചം
അന്ധാളിപ്പോടെ
തറച്ചു  നോക്കുമ്പോള്‍
ചിന്തയുടെ ചക്രവാള-
ത്തിലേക്കാ കൊച്ചു വെളിച്ചം
പുതിയ പാന്ഥാവൊരുക്കി
അറിവു കെട്ടവര്‍
ഭ്രാന്തനെന്നു വിളിച്ചു
അതിനപ്പുറം
തെരുവിലെ ആ യാത്ര
തടയാനുള്ളയവിവേകം
അവിടെയാര്‍ക്കുമില്ലായിരുന്നു

പിന്നെന്തെയിപ്പോള്‍
തെറ്റുകള്‍
അസഹനീയതയുടെ
അതിര്‍ വരമ്പു ഭേദിച്ചപ്പോള്‍
ഭരണ കൂടത്തിനെ
തെരുവിലിറങ്ങി
‍ഞാന്‍ , കൂക്കി വിളിച്ചതിനു്
എന്നെ കല്ലെറിഞ്ഞു കൊന്നതു് .

                                                                                                               


Sunday, November 27, 2011

അവിടെയൊരയ്യപ്പന്‍

ജനപ്രതിനിധികള്‍
ചിലപ്പോള്‍ മാത്രം
സ്നേഹിക്കുകയും
അതിലധികം
വഴക്കു കൂടുകയും
ചെയ്തിരുന്ന
നീണ്ടു നിവര്‍ന്നൊരാ
വെള്ളക്കെട്ടിടത്തിന്റെ,
പാതയേരത്തെ
നടപ്പാതയോടൊട്ടി
കാവലാളായ
പച്ച ചായമിട്ട കമ്പി
മതിലിന്റെ
സിമന്റു തിട്ടയിലിരുന്നു
ആ, സായാഹ്നത്തിലും,

ചതുരവടിവൊത്ത
മുഖം ലഹരിക്കു
തീറെഴുതാതെ സദാ
മന്ദഹാസത്തോടെ
കടല്‍ത്തിരകളായി
വാഹനങ്ങളും,ജനങ്ങളും
ഒഴുകിപോകുന്ന
എംജി റോഡിനെ
നോക്കി കവി
 നിശബ്ദമൊരു
കവിത ചൊല്ലുകയല്ലേ ?

അനുസരണയോടെ
പിന്നോട്ടു  സമൃദ്ധമായി
വളര്‍ന്ന തലമുടിയിഴക-
ളില്‍ വിരലോടിച്ചു
മുറുക്കാന്‍ ചുവപ്പിന്റെ
തിളക്കമുള്ള
ചുണ്ടുകളിലൊരു
കുസൃതി വിളിച്ചു വരുത്തി
എന്റെ സൗഹൃദത്തി -
നായി കവി  കൈനീട്ടി

മഹാ ഭാഗ്യത്തിന്റെ
അപൂര്‍വ്വ വരദാനം
പോക്കറ്റില്‍ കൈയ്യിട്ടപ്പോള്‍
കിട്ടിയതൊരഞ്ചു രൂപ
വണ്ടിയിടിച്ചു മരിച്ച
ഹതഭാഗ്യന്റെ പോക്കറ്റിലും
കവി കണ്ടതു്
ഇതായിരുന്നല്ലോ
അപ്പോള്‍
എന്റെ കാഴ്ചകളിലിരുട്ടേകി
കടലില്‍ താണ
അസ്തമയ സൂര്യനായി കവി
ഒക്ടോബര്‍ ഇരുപത്തിയൊന്നു
കടന്നു പോയി, വര്‍ഷം
ഒന്നു കഴിഞ്ഞില്ലേ .
Monday, November 21, 2011

നിരജ്ഞാ പറയൂ


നിരജ്ഞാ ! പറയൂ
കൊടും ക്രൂരതയുടെ
കടും ശിലയായി
നിന്റെ മനസ്സെങ്ങിനെ
രൂപാന്തരപ്പെട്ടു
ഇരയുടെ
ദയ യാചിക്കും
നിലവിളി
നിന്റെ കാതുകളി -
ലെങ്ങിനെ
സംഗീത മഴയായി ,
കൊടു വാളിന്റെ
തിളങ്ങുന്ന വായ്ത്തല
വെട്ടിപ്പിളര്‍ത്തുന്ന
പച്ച മാംസത്തിന്റെ
പിടച്ചില്‍
നിനക്കെങ്ങിനെ
കണ്‍കുളിര്‍ക്കും
ഇഷ്ട കാഴ്ചയായി ,

തൂക്കു കയറിനെ
സ്വപ്നം കാണുന്ന
നിരജ്ഞന്റെ
ചിന്തകള്‍ ഭൂത കാല -
ത്തിലേക്കു മടങ്ങി
പുരുഷാരം തിങ്ങി
നിറയുന്ന മഹാ നഗരം
അവിടെ ,
പാതയോരത്തു
ഒരനാഥ ബാലന്‍
നിസ്സഹായനായി
കരഞ്ഞു തളര്‍ന്നു
നില്ക്കുന്നു
ആരുമതു കാണുന്നില്ല
ആരും തന്നെ .......

Sunday, November 13, 2011

രണ്ടു കവിതകള്‍


തിരിച്ചറിവു്
ഞാന്‍ പറയാന്‍ വിസ്മരിച്ചതും
അവള്‍ പറയാന്‍ ഉദ്യമിക്കാത്തതും
ഒന്നു തന്നെയെന്ന യാഥാര്‍ത്ഥ്യം
സമയത്തിന്റെ നീണ്ട
ഇടനാഴിയുടെ അന്ത്യത്തിലാണു
ഒടുവില്‍ , ഞങ്ങള്‍ തിരിച്ചറിഞ്ഞതു് .


ഭീകരപ്രവര്‍ത്തനം
പ്രണയമില്ലാത്ത രതി
മനുഷ്യശരീരത്തിലെ
ഭീകരപ്രവര്‍ത്തനം
ഒരു താലിച്ചരടിന്റെ
അധികാരത്തില്‍
അയാളവളുടെ
ഇഷ്ടാനിഷ്ടങ്ങളിലേക്കു
നടത്തുന്നയശ്വമേധം
അവസാനിക്കുന്നതു
ഈ , ഭീകരപ്രവര്‍ത്തനത്തില്‍
അതു കഴിഞ്ഞു്
പല്ലുകളുടെയും, നഖങ്ങളുടെയും
സാധാരണ മുറിവുകളുമായി
അവള്‍ സജീവമാകുമ്പോള്‍
മനസ്സു് ഛിന്നഭിന്നമാണു് .

Friday, November 4, 2011

സൗമ്യയുടെ സ്വപ്നം


അങ്ങനെയൊരു
കൊച്ചു വീടു് , അമ്മേ
നമ്മള്‍ പണിയും
സ്വപ്നത്തിലെ വീടു്

വിശാലമാകണം
എന്റെ സ്വന്തം മുറി
അതു, ഹൃദയ
വിശാലതയുടെ
അടയാളമാകണം


മുറിയു‍ടെ ചുമരില്‍
തട്ടുകള്‍ തീര്‍ക്കണം
നിറയെ പാവകളതില്‍
നിരത്തി, നിരത്തി വെയ്ക്കാം
പാവകളുടെ ഹൃദയ-
സ്പന്ദനങ്ങളവിടെ
നമുക്കു, അമ്മേയെന്നും
കാതോര്‍ക്കാം

പൂമുഖത്തു നിന്നു
നേരെ നോക്കുമ്പോള്‍
കാണണം ; കണ്ണുകളില്‍
നിര്‍വൃതിയേകാന്‍
കാര്‍വര്‍ണ്ണന്റെ
നല്ലൊരു വിഗ്രഹം.

അങ്ങനെയൊരു
കൊച്ചു വീടു്  അമ്മേ
നമ്മള്‍  പണിയും
സ്വപ്നത്തിലെ വീടു്

*   *     *    *   *  *

പാതി പണി തീര്‍ത്ത
വീടിനുള്ളിലിന്നു,
അമ്മയെന്‍ പാവകളെ
നിരത്തി വെച്ചു
ആ , പാവകളും മരിച്ചു
പോയിരിക്കുന്നു

എന്റെ വളപ്പൊട്ടുകളും,
ഉടുപ്പുകളും നിധിയായി
അമ്മ സൂക്ഷിക്കുന്ന
വീട്ടിലിന്നു ഞാനില്ല
ഇനിയെന്തിനൊരു
വീടെനിക്കു സ്വന്തം!!

അന്നു, ഞാനമ്മയോടു
പറഞ്ഞതെന്റെ
സ്വപ്നം മാത്രം
ഓടിക്കൊണ്ടിരുന്ന
തീവണ്ടിയില്‍
നിന്നും വീണുടഞ്ഞ
സൗമ്യയുടെ സ്വപ്നം ,
അമ്മയുടെയോര്‍മ്മക -
ളിലും , ഞാന്‍ ; സ്വപ്നം .


 സ്വന്തം വീടിനെക്കുറിച്ചുള്ള സൗമ്യയുടെ
കൊച്ചു, കൊച്ചു സ്വപ്നങ്ങള്‍ ,  സൗമ്യയുടെ
അമ്മ മാദ്ധ്യമങ്ങളുമായി പങ്കു വെച്ചതു
കവിതയ്ക്കാധാരം
ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...