Sunday, December 25, 2011

മൃതസഞ്ജീവനി

നിത്യ തപസ്സോയിതു
കാലത്തോടു
കലഹിച്ചു പിണങ്ങി
ഞാനൊരു
വാല്മീകത്തിനുള്ളില്‍
മൂകത വാരിപ്പുതച്ചു
.

ഹൃദയ രക്തം
കൊണ്ടു നീയെഴുതിയ
വാക്കുകളെന്നുടെ
നിശബ്ദതയുടെ
വാല്മികമിന്നുടച്ചു
നിശ്ചലമായെരെന്‍
രഥച്ചക്രങ്ങള്‍
തിരിയുന്നു ; മുന്നോട്ടു
നിശബ്ദമായൊരെന്‍
അശ്വകുളമ്പടികളുയര്‍ന്നു .


ജനിമൃതികളുടെ
അമ്പരപ്പാര്‍ന്ന
ഭാവ പകര്‍ച്ചകളെ
ഇതായെന്റെ
മൃതസഞ്ജീവനി !
ഒരു പുനര്‍ജന്മത്തിന്‍
ജീവനേറ്റു വാങ്ങി
ഞാനീ ജീവിതയാത്ര
ഇനി , തുടങ്ങുന്നു.





Monday, December 19, 2011

ഈ നൂറ്റാണ്ടിന്‍ വിപ്ലവകാരി

 
മരണമേ നിന്‍ കണക്കു
പുസ്തകത്തിലൊരു
ജീവന്‍ മാത്രം എഴുതിയാല്‍
മതിയെങ്കിലിതാ
തുച്ഛനാമെന്‍ പാഴ് ജീവന്‍

എത്രയോ വത്സരം
കാലമൂതി കെടുത്താതെ
ജജ്ജ്വല്യത്തോടെ
ഉദിച്ചു നില്ക്കട്ടെ നിത്യ
സത്യങ്ങള്‍ തന്‍
തത്വമസിയുടെ സൂര്യന്‍

വന്നു തറച്ചിടും വാക്കോ
ഇന്ദ്രിയങ്ങളാകെ
ചുട്ടുപ്പൊള്ളിക്കുമൂഷ്മാവു്
അധീകരിക്കുന്ന
അപ്രിയ സത്യങ്ങളാകാം
എതിരു പറയും
ചിന്തകളാകെ ചികഞ്ഞു
പതിരു കാണിച്ചും ,
കരുണ വറ്റി കരളോ
കല്ലാക്കി വിമര്‍ശന
ഉളിയതാല്‍ ചെത്തി
പാകമാക്കും സംസ്ക്കാരത്തെ ;
കര്‍മ്മനിരതമാം
ജീവിതത്തിന്‍ ധര്‍മ്മമിതു .

മരക്കുരിശു തീര്‍ത്തതില്‍
ചേര്‍ത്തു വെച്ചാണികള്‍
തറച്ചു നിശബ്ദ -
തയുടെ ഗാഗൂല്ത്തായില്‍
ഒറ്റപ്പെടുത്തിടാന്‍
വ്യാമേഹിച്ച മഹത്തുക്ക -
ളുടെ ദുര്‍ മോഹങ്ങള്‍
സാക്ഷി , കാലമെഴുതിടൂ
യുഗപുരുഷനാകുന്നീ ,
സംസ്ക്കാരത്തിനെന്നും
കാവല്‍ നിന്നിടും
വാക്കുകളാമായുധങ്ങള്‍
ഏന്തിയ , ഈ നൂറ്റാ -
ണ്ടിന്‍ വിപ്ലവകാരിയിയാള്‍ .





Monday, December 12, 2011

അശാന്തി


ഒരു വയസ്സന്‍
ഒരു വെളിപാടു വന്നതു പോലെ
ഒരു യുവതിയെ പ്രേമിച്ചു
പ്രേമിക്കുന്നതു കുറ്റമല്ലല്ലോ
പക്ഷേ കാലത്തിന്റെ ദൂരത്തു
നില്ക്കുന്ന വയസ്സനു
പിന്നിലെ അകലത്തില്‍
കണ്ണെത്താ ദൂരത്തു നില്ക്കും
യുവതിയെ തൊടാനാകുമോ ?
പ്രണയത്തിനു ചോദ്യമില്ല
ഉത്തരങ്ങള്‍ മാത്രം
എന്തു പറഞ്ഞാലും
എന്തെഴുതിയാലും
അതെല്ലാം ശരിയുത്തരങ്ങള്‍
അങ്ങനെയെങ്കില്‍
ആ യുവതിയെ വൃദ്ധനു
സ്പഷ്ടമായും സ്പര്‍ശിക്കാനാകും .
അതു കൊണ്ടാകാം
ആ , യുവതി വൃദ്ധനെ
അടുത്തേക്കു ക്ഷണിച്ചതു് .

വന്ന വഴിയെ തിരിഞ്ഞു
നടക്കുമ്പോള്‍
ജരാനരകള്‍ കാറ്റത്തു
പറന്നു പോകുന്നതും
കാര്‍ മേഘം വെള്ളിത്തല
മുടി കറുപ്പിക്കുന്നതും
അയാളറിഞ്ഞു
സ്വര്‍ണ്ണ വളകള്‍ കിലുക്കി
കടാക്ഷമുനകളില്‍
കാന്തങ്ങളും , ചുണ്ടുകളില്‍
നിറചക്ഷകങ്ങളുമായി
യുവതി വൃദ്ധനെ മാടി വിളിക്കുന്നു
ചെറുപ്പത്തിന്റെ ചുവ
രുചികളില്‍ പടരുമ്പോള്‍
പാമ്പു പടം പൊഴിച്ചതു
പൊലെ അകലെ
തന്റെ വൃദ്ധത്വം വിഹ്വലത -
യോടെ നെടുവീര്‍പ്പിടുന്നതു
യുവതിയുടെ അരികി -
ലെത്തിയ അയാള്‍
ഊഷ്മളതയോടെ കണ്ടു .

അപരാഹ്നങ്ങളകന്ന
അയാളുടെ കാഴ്ച
റോസപൂക്കള്‍ പോലുള്ള
ചുണ്ടുകളെയും , ആലില
പോലുള്ള വയറും തേടി
അവിടെയപ്പോളൊരു
യുവതിയുടെ പൂര്‍ണ്ണകായ
മെഴുകു പ്രതിമ മാത്രം
വെളിച്ചവും ഇരുട്ടുമകന്ന
അവിശ്വാസനീയതയില്‍
ചെറുപ്പവുമയാളെ വിട്ടകന്നു
ആ , അശാന്തിയിലയാള്‍
ഉരുകിയൊലിക്കുകയായി
അരികിലായി യുവതിയുടെ
പൂര്‍ണ്ണകായ മെഴുകുപ്രതിമ .





ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...