Thursday, December 27, 2012

മറക്കാത്ത സാരിനാളെയാ , ആദ്യമായി
സാരി ഞാനുടുക്കുന്നതു്
പത്താം തരത്തിന്റെ
അവസാന ക്ലാസ്സിലെ
പതിവായിരുന്നല്ലോ
കാണാൻ കാത്തു
നില്ക്കണമെന്നു
പറയാതെ പറഞ്ഞു
അവൾ നടന്നു പോയി

നിമിഷങ്ങളെത്രയോ
യുഗങ്ങളാണെന്നു
സന്ദേഹിച്ചു , സമയ
പ്രയാണത്തെ ശപിച്ചു
ഞാൻ, സാരിയുടുത്തു
അവൾ വരുന്നതും
കാത്തു , കാത്തു ഗേറ്റിലെ
തൂൺകട്ടി ചാരി നിന്നു
നിർന്നിമേഷനായി

തിളങ്ങുന്ന പട്ടുസാരി
ഉടുത്തവളൊരുങ്ങി
ചമഞ്ഞു നടന്നു വരുന്നു
ആഹ്ലാദവികാര
വിക്ഷോഭങ്ങളെന്നാൽ
അടക്കി വെയ്ക്കേണ്ടി
വന്നാ ജീവിത സുദിനത്തിൽ
കൂടെയകമ്പടിയായി
അവളുടെയമ്മ സഗൗരവം
കണ്ണുകൾ കൊണ്ടവൾ
ചോദിച്ചു ,എങ്ങിനെയുണ്ടെന്നു്
കണ്ണുകൾ കൊണ്ടു
ഞാൻ മറുപടി പറഞ്ഞു
കൊള്ളാമെടി പെണ്ണേയെന്നു് .

Saturday, December 22, 2012

തീവണ്ടിക്കു മുമ്പിലെ പെൺകുട്ടികൾ *വേദനകളോടു പൊതുവേ
നിർവ്വികാരതയോടെയും
നിർമമതയോടെയും മാത്രം
എന്റെ പ്രതികരണമെന്നും
എന്നലിന്നു , അഭിശപ്ത ദിനം
ഇളകി മറിയുന്ന പ്രക്ഷുബ്ധ
സാഗരം പോലെയാണു
നൊമ്പരത്തിന്റെ തീക്ഷ്ണ
തകളേറ്റു വാങ്ങിയെന്റെ മനസ്സു്

കുഞ്ഞു പെങ്ങളുടെ പിഞ്ചു
കൈകളിൽ മുറുകെ പിടിച്ചു
പ്രാണനു വേണ്ടി ഓടിപ്പായൂ
ജീവിതം പോലെ നീണ്ടു, നീണ്ട
റെയിൽ പാളത്തിലൂടെ പെൺകൊടി
പിറകെ കൂകിപ്പാഞ്ഞു കുരുന്നു
ജീവൻ കവരാനൊരു തീവണ്ടി
വർത്തമാനപ്പത്രത്തിന്റെ
വരികളിൽ നിറയും തപ്തദൃശ്യം

എന്റെ മുന്നിൽ ഭൂമിയല്ല
പ്രപഞ്ചം തന്നെയുടഞ്ഞു വീഴുന്നു
ഞാനെവിടെയോയെത്തിടൂ
നിങ്ങളെല്ലാം സർച്ച ചരാചര -
ങ്ങളുടെയും അധിപനെന്നു
മുദ്രച്ചാർത്തി പ്രണമിക്കുന്ന
സ്വർഗ്ഗവാസിയെ, ക്ഷമിക്ക !
 ദുഷ്ടായെന്നു വിളിച്ചോട്ടെ .

കരളലിയിക്കുന്ന പത്ര വാർത്ത*

Thursday, December 20, 2012

കശാപ്പു്കോഴിക്കടയിലേക്കു
കടന്നു ചെല്ലുമ്പോളെന്നും
അയാൾ വിമ്മിട്ടപ്പെടുമായിരുന്നു
കടക്കാരാൻ കരുണരഹിതമായി
ചിറകും കാലും കൂട്ടിപ്പിരിച്ച
ഉരുണ്ടു കൊഴുത്ത കോഴി
തുലാസിലെ തട്ടിൽ കിടന്നു്
തന്നെ നിസ്സാഹതയോടെ
നോക്കുമ്പോളയാളുടെ
വിമ്മിട്ടമിരട്ടിക്കുമായിരുന്നു .

തുകയെണ്ണി നല്കുമ്പോൾ ,
ഇറച്ചി വ്യാപാരത്തിന്റെ
പരിസമാപ്തിയായി
കശാപ്പും , കോഴിയുടെ
കരച്ചിലും, പിന്നെ പിടച്ചിലും
അതു ,സഹിയ്ക്കാനാകാത്ത
വിമ്മിട്ടത്തിന്റെ പാരമ്യത്തിൽ
അയാളപ്പോൾ വിവശനാകും
എന്നിട്ടും ആഴ്ചയിലൊരിക്കൽ -
അയാൾ കോഴിക്കട സന്ദർശിക്കും,
വിമ്മിട്ടത്തെയഭിമുഖീകരിക്കും
വളരട്ടെ കുട്ടികൾ , കോഴിമാംസം
വളർച്ചക്കു നല്ലതാണു
അതിനാൽ ,വിമ്മിട്ടത്തിനു
കീഴടങ്ങികൊണ്ടയാൾ
കടയിൽ ,കോഴിമാംസം
വാങ്ങാനെത്തുമായിരുന്നു

ഒരിക്കലുമൊരുകോഴിയേയും
ഇന്നു വരെയയാൾ
കൊന്നിട്ടില്ലാ, എന്തിനു
ഒരുറുമ്പിനെ പോലും .

എന്നാൽ , ജീവൻ പിടഞ്ഞു
പറന്നകന്നു പോകുന്നതിനു
മുമ്പായി , പൊന്നു മകളുടെ
ചീന്തിപ്പറിച്ച പൂവുടൽ
പറമ്പിലെ കാഴ്ചകളെ
മറയ്ക്കുന്നതിനു മുമ്പയി
ഒരെറുമ്പിനെയന്നാദ്യം
അയാൾ ,ചവിട്ടിയരച്ചു കൊന്നു .

പിന്നീടു, ഇരട്ടക്കുഴൽ തോക്കി -
ലൂടെ, മകളുടെ ഘാതകനെ
കശാപ്പു ചെയ്യുമ്പോൾ
കോഴിക്കടയിലെ പിടച്ചിൽ
നല്ലതു പോലെയാദ്യമായി
അയാളാസ്വദിച്ചു
പക്ഷേ, ചരിത്രം
സത്യസന്ധമായി
എല്ലാം കുറിച്ചു വെച്ചു
കോഴിക്കടയിൽ
കശാപ്പു കത്തിക്കിരയായ
കോഴിയുടെ പിടച്ചലിൽ
അയാളെന്നും
വിമ്മിട്ടപ്പെട്ടിരുന്നുവെന്നു്
എന്നാൽ , നിയമത്തിന്റെ
പുസ്തക താളുകളിൽ
ചരിത്രത്തിന്റെ
കുറിപ്പുകൾ ഇല്ലായിരുന്നു
നീതിയുടെ , കശാപ്പിനായി
അയാൾ സന്നദ്ധനായി .

Wednesday, December 19, 2012

ഉല്ലാസവതി

ഞാൻ വിട പറഞ്ഞു പോയാൽ
ആ , മൃതിയുടെ സ്മൃതികളാൽ ,
നീ , നിന്റെ മനസ്സിനെ വ്യഥയുടെ
തീച്ചൂളയിലെറിഞ്ഞീടരുതേ
വേർപാടിന്റെ നൊമ്പരങ്ങളാൽ
നിന്റെ കണ്ണുകൾ നിറയ്ക്കരുതേ
അതൊന്നും, ഇനിയെനിക്കനു -
ഭവേദ്യമാകില്ലയതൊന്നുമെനിക്കു
നിന്റെയനവദ്യമാം നിത്യ സാമീ -
പ്യത്തെയൊരിക്കലും നല്കില്ല .

നിന്റെ സന്തോഷങ്ങളുടെ സൂര്യൻ
ദീപ്തമായി പ്രകാശിക്കുമ്പോൾ
എന്റെ പൂക്കൾ വസന്ത കാലത്തെ
വരവേല്ക്കാനൊരുങ്ങിടും
നിന്നാഹ്ലാദത്തിന്റെ പ്രകാശ
കിരണങ്ങളിൽ , നിന്റെ സാമീപ്യം
ആസ്വദിക്കുമ്പോളൊരിക്കലും,
ഞാനൊറ്റയ്ക്കാകില്ലായെന്നറിയും .

Tuesday, December 11, 2012

വിശപ്പു്


വിശപ്പിനെ ശമിപ്പിക്കുന്നതിനുള്ള
ഉപാധികൾ പല വിധത്തിലാണു്
കാരണം വിശപ്പ് നാനതരമാണു്
വിശപ്പിന്റെ കാരണങ്ങൾ
വ്യത്യസ്തവും ,വൈവിദ്ധ്യങ്ങൾ
നിറഞ്ഞതും , ആപേക്ഷികവും.
വിശപ്പിനായി നില കൊള്ളുന്നു
പ്രത്യയശാസ്ത്രങ്ങളും .

മനസ്സിന്റെ വിശപ്പിനു വേണ്ടതു
ഇണയുടെ പ്രണയം
പ്രണയത്തിന്റെ രുചികൾ
മനസ്സിൽ പൂക്കാലം തീർക്കും
ശരീരത്തിന്റെ വിശപ്പിനോ
അനുകൂലമായ, വപുസ്സും
തീ പിടിച്ചും,ചുട്ടുപ്പൊള്ളിയും,
തീക്ഷ്ണമായി, ശരീരത്തിന്റെ
വിശപ്പു് സാവധാനം ആവിയായി
തീർന്നു . പോകുമ്പോൾ
അസ്ഥികൾ പൂവിട്ടിരിക്കും

എന്നാൽ വയറിന്റെ വിശപ്പിനു
വാരിവലിച്ചെന്തും ഭുജിക്കാം
വിശിഷ്ടമെന്നു തോന്നുന്ന
ഭോജ്യങ്ങൾ നാവിൽ
ഊറി വരുന്ന രുചി നീരിൽ
കൊതിയുടെ കപ്പലോടിക്കും
വിശപ്പിന്റെ കള്ളക്കളിയാണതു്

ഇന്നലെയാണു കൊതി
സഹിയ്ക്കാതെയതു കഴിച്ചതു്
പ്രണാനാണു പണയപ്പെടു -
ത്തിയതെന്നു പിന്നീടറിഞ്ഞു
അനങ്ങാതെ കിടക്കുകയാണു്
ശരീരത്തിനും മനസ്സിനും ,
വിശപ്പു് അധീകരിക്കുന്നു
അനങ്ങാതെ കിടക്കാനാണു
ഭിഷഗ്വരന്റെ കല്ലുപ്പിളർത്തും കല്പന .

Thursday, November 15, 2012

സർപ്പനൃത്തം

ഇനിയിഴയാം നമുക്കു പാമ്പുകളായി
ചുറ്റിപ്പിണഞ്ഞടുത്തടുത്തു ചേർന്നു
സ്വപ്നങ്ങളിലെ മഴവില്ലതിൽ മെല്ലെ
നമ്മുടെ നാഗ മാണിക്യങ്ങളുതിർത്തിടാം
പിരിയാതെയങ്ങിനെയതിവേഗം നമുക്കു
കാലത്തെ കടന്നു കടന്നിഴഞ്ഞു പോകാം ,
ഒരു ശംഖു പോൽ ചുരുങ്ങിയുള്ളിന്റെയു -
ള്ളിൽ പ്രണയ കാഹളത്തെ , ധ്വനി
തെറ്റാതെയൊരുക്കി വെച്ചു , ബധിരന്റെ
കർണ്ണങ്ങളെ കാത്തു കാത്തു കിടക്കാം

നമ്മുടെ വിഷപല്ലുകൾ പരസ്പരം
മേനിയിലാഴ്ന്നിറങ്ങിയ സൂക്ഷിരങ്ങ -
ളിലാസക്തികളിനി കൂടൊരുക്കട്ടെ
ഭീതിതമാം സീല്ക്കാരങ്ങളിൽ തുളഞ്ഞു
പിടഞ്ഞു കപട സദാചാരം ചോര
ഛർദ്ദിച്ചു മരണം തേടുമ്പോ, പത്തി
അടിച്ചു തകർക്കാനെത്തിയ ദുവാസന -
കളുടെ കൂട്ട നിലവിളികളെ , താളമാക്കി -
യുയർന്നു പൊങ്ങി നമുക്കു സപ്പ നൃത്തമാടാം.

മകുടിയുടെ ക്ഷണ ചലനങ്ങളില്ലാതെ
അതിൻ കാതു തുളയ്ക്കുന്ന കൂക്കലില്ലാതെ
സദാചാര ഭടന്മാരെ ചുറ്റി നിറുത്തിയന -
സ്യൂതമാടിത്തിമിർത്തിടും നമ്മളൊന്നായി
നമ്മൾ പൊഴിച്ച പടങ്ങളി നിന്നുമപ്പോളാ -
യിരം നാഗങ്ങളുയർത്തെണീക്കട്ടെ .

Thursday, November 8, 2012

കറുത്തവന്റെ വിജയംകുപ്പിയേതായാലും വീഞ്ഞു
വീഞ്ഞു തന്നെയെന്നും
എന്നിട്ടും ഒബാമയുടെ
വിജയത്തിൽ ഞാൻ
ഹർഷോന്മാദിതനാകുന്നു

റിപ്പബ്ലിക്കനും ഡെമോക്രാറ്റും
കൂട്ടിയും കിഴിച്ചും ഹരിച്ചും

ഗുണിച്ചുമെത്ര, നോക്കിയാലും
ഒരേ നാണയത്തിനിരു വശങ്ങൾ
എന്നിട്ടും ഒബാമയുടെ
വിജയമന്ദഹാസത്തെ
ഞാനേറ്റു പിടിക്കുകയാണു്

കാറും വിമാനവും കംപ്യൂട്ടറും
മാത്രമല്ല , ആയുധങ്ങളും
നിർലോഭം ലോകമെങ്ങും
അമേരിക്ക ,പതിവു തെറ്റാതെ
വിറ്റഴിച്ചു കൊണ്ടിരിക്കും
എന്നിട്ടും മിഷേലിന്റെ
കൈ വീശൽ ഞാനാസ്വദിപ്പൂ

ഇതു ദ്രാവിഡന്റെ സ്വാർത്ഥത
അല്ല ആത്മാർത്ഥത
എന്റെ കറുത്ത തൊലിയിലൂടെ
ഞാൻ കാണുന്നതു
ഓബാമയുടെ വിജയ സ്മിതവും
മിഷേലിന്റെ കൈവീശലും
ഇന്നു ഞാൻ വെളുത്ത തൊലി -
ക്കാരനു നേരെ നെഞ്ചു വിരിച്ചു
വിജയം ചിഹ്നം കാട്ടും.

Sunday, October 28, 2012

പ്രിയപ്പെട്ട മകനെ - ബ്ലോഗ് നോവൽ - 3

                                        അദ്ധ്യായം - 3


                                                    " ലേബർ റൂമിലേക്കു കൊണ്ടു പോകാൻ
സ്ട്രെച്ചറും ആളുമെത്തി" മാധവചന്ദ്രൻ  അനാമികയെ ഉറ്റു നോക്കി പറഞ്ഞു
കുനിഞ്ഞു തന്റെ മുഖത്തേക്കു ചാഞ്ഞു നില്ക്കുന്ന മാധവന്റെ കണ്ണിലെ കണ്ണാടി
പോലെ തിളങ്ങുന്ന നീർ മണികൾ ചെറുചിരിയോടെ തുടച്ചു മാറ്റി അനാമിക അ
യാളെ സമാശ്വസിപ്പിച്ചു . " ഒന്നു ബോൾഡാകൂ . ഇതൊരു സാധാരണ പ്രക്രിയ
മാത്രമല്ലേ . നോക്കൂ നാളത്തെ പ്രഭാതത്തിൽ നമുക്കൊരു ഉണ്ണി" .പിന്നെ മുന്നോട്ടു
 നീങ്ങുന്ന  സ്ട്രെച്ചറിൽ കിടന്നു കൊണ്ടു് അനാമിക മാധവനു നേരെ കൈ വീശി .

                                         തന്റെ നിഷേധങ്ങളെ  തരണം ചെയ്തു അസ്വസ്ഥത
തന്നെ ആഗീരണം ചെയ്യുന്നതു  മാധവചന്ദ്രൻ അറിഞ്ഞു . "ഒന്നു ബോൾഡാകൂ" ! .
 മധവചന്ദ്രൻ ബോൾഡാകാൻ ശ്രമിച്ചു .  ഫ്ലാസ്കിൽ നിന്നും ചൂടു വെള്ളം രണ്ടു
 പ്രാവശ്യം ഗ്ലാസിലൊഴിച്ചു കുടിച്ചു .  സ്റ്റൂൾ ഫാനിനു കീഴെ നിക്കിയിട്ടു  ഇരിപ്പുറപ്പിച്ചു .
 ആദ്യമായി അനാമികയെ ശ്രദ്ധിച്ചതു അയാളോർക്കാൻ  ശ്രമിച്ചു . കോളേജു
 കാമ്പസ്സിലെ  ആർട്സ് ബ്ലോക്കിൽ സുഹൃത്തായ സതീശ്  ബാബുവിനെ സന്ദർശി
ക്കാനായി പടിക്കെട്ടുകൾ കയറി രണ്ടാം നിലയിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞതു്
 ഒരു പെൺകുട്ടി തന്റെ കൈയ്യിൽ കിടക്കുന്ന വള ഊരിയെടുത്തു നിർബ്ബന്ധ പൂർച്ചം
 കൂട്ടുകാരിയെ ഏല്പിക്കുന്നതാണു് . സതീഷു ബാബുവിനോടു സംഭവം വിവരിക്കുമ്പോ
ഴാണു് ആ പെൺകുട്ടികൾ ലച്ചർ ഹാളിലേക്കു കടന്നു വന്നതു് . മാധവചന്ദ്രനെ കണ്ട
ഉടൻ വള ഊരി നല്കിയ പെൺകുട്ടി അയാളുടെ അടുത്തെത്തി പറഞ്ഞു .
                   " പ്ലീസു് , ഇതു സെൻസേറ്റീവ് വാർത്തയാക്കരുതു്" .
അത്രയും പറഞ്ഞു് അവൾ തന്റെ ചെയറിൽ ഇരിപ്പു പിടിച്ചു . മാധവൻ ഓട്ടക്കണ്ണിട്ടു
അവളെ നോക്കി . നീണ്ടിട തൂർന്ന തലമുടി , നെറ്റിയിൽ കുറുനിരകൾ . മനേഹരമായ
മുഖം . സുഹൃത്തിനെ കണ്ടു മടങ്ങുമ്പോഴും എന്നാൽ മധവ ചന്ദ്രനെ മഥിച്ചതു് ആ
പെൺകൊടി വള ഊരി കൊടുത്ത ദൃശ്യമാണു് . ആഴ്ചകൾക്കു ശേഷം മധവ ചന്ദ്രനു്
തന്നെ ഇടയ്ക്കിടെ അലോസരപ്പെടുത്തികൊണ്ടിരുന്ന ആ സംഭവത്തിന്റെ യഥാർ
ത്ഥ്യം അറിയാൻ കഴിഞ്ഞു . കൂട്ടുകാരി നസീമയുടെ ഉമ്മയുടെ ചികിത്സയ്ക്കായാണു്
അനാമികയെന്ന ആ പെൺകുട്ടി തന്റെ വള ഊരി നല്കിയതു് . സതീഷ്ബാബു
തന്നെയാണു് അന്വേഷണത്തിനൊടുവിൽ നസീമയിൽ നിന്നും ഇക്കാര്യം പണിപ്പെട്ടു
മനസ്സിലാക്കി മധവനന്ദനെ അറിയിച്ചതു് . അന്നു രാത്രിആ സംഭവം മാധവനന്ദന്റെ
സ്വപ്നത്തിൽ നിറഞ്ഞു നിന്നു . ജിജ്ഞാസയുടെ ആധിക്യം അസഹനീയമയപ്പോളാണു്
സതീഷ്ചന്ദ്രനോടു ആ പെൺകുട്ടിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതു്.
മെട്രിക്കുലേഷനു് മികച്ച മാർക്കുണ്ടായിട്ടും സോഷ്യോളജി പഠിക്കാൻ തീരുമാനിക്കുകയും
അതിനായിട്ടാണു് ഈ കോളേജിൽ തന്നെ ചേർന്നതെന്നു് സതീഷ് പറഞ്ഞതു് മാധവ
ചന്ദ്രൻ കാര്യമാക്കിയില്ല .എന്നാൽ ഇംഗ്ലീഷു പ്രസിദ്ധീകരണങ്ങളിൽ കഥകളെഴുതാറു
ണ്ടെന്നും ഇപ്പോൾ എഴുതുന്നതു് തൂലിക നാമം ഉപയോഗിച്ചാണെന്നും , തൂലിക നാമം
അജ്ഞാതമാക്കി വെച്ചിരിക്കുകയാണെന്നും സതീഷു് പറഞ്ഞതു് ആദ്യം ഒരു ഞെട്ട
ലോടെയും പിന്നെ ആകാംഷയോടെയുമാണു് മാധവ ചന്ദ്രൻ കേട്ടതു് . മുറിയിലെത്തിയ
പാടെ വലിപ്പമേറിയ നോട്ടു പുസ്തകം തുറന്നു മധവ ചന്ദ്രൻ എഴുതി തുടങ്ങി . എഴുത്തു
പൂർത്തീകരിച്ചു് കഥയ്ക്ക് വള ഊരികൊടുത്ത പെൺകുട്ടി  എന്നു തലക്കെട്ടു നല്കി.

                            ബിഎച്ചു്എം ബ്ലോക്കിൽ സാധാരണയായി  ആർട്സു വിഭാഗത്തിലെ
യോ സയൻസു വിഭാഗത്തിലേയോ കുട്ടികൾ സാധാരണയായി വരാറില്ല . പ്രത്യേകിച്ചു
പെൺകുട്ടികൾ . അതു കൊണ്ടു തന്നെ മാധവ ചന്ദ്രനെ കാണാൻ അനാമിക എത്തിയതു
പലർക്കും കൗതുകകരമായ കാഴ്ചയായി . അനാമിക ആംഗ്യം കാട്ടിവിളിച്ചപ്പോൾ മാധ
വ ചന്ദ്രനു കാര്യം പിടികിട്ടി . റൂമിൽ നിന്നും ഇറങ്ങി അനാമികയുടെ അടുത്തേക്കു ചെന്നു.
മുഖവുര കൂടാതെ അനാമിക കാര്യത്തിലേക്കു കടന്നു ." നോക്കൂ ഞാൻ പറഞ്ഞതല്ലേ
അതു സെൻസിറ്റീവു് നേച്ചറിൽ കാണരുതെന്നു് . എന്നിട്ടു് അതു കഥയാക്കി പ്രസിദ്ധീകരി
ക്കുക കൂടി ചെയ്തു . ഇതു മാന്യതയല്ല . ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള
കടന്നു കയറ്റമായി ഇതു കാണരുതു് . പിന്നെ അത്തരം സംഭവങ്ങളറിഞ്ഞു കഥയാക്കാ
നെങ്കിൽ നൂറിലധികം കഥകളെഴുതേണ്ടി വരും" . ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു്
അനാമിക തിരിഞ്ഞു നടന്നതു് മാധവ ചന്ദ്രൻ സമ്മിശ്ര വികാരങ്ങളോടെ നോക്കി നിന്നു .


                                  മുറിയുടെ വാതിൽ തുറന്നു നേഴ്സു വന്നാപ്പോളാണു് മാധവ ചന്ദ്രൻ
തന്റെ ഓർമ്മകളുടെ തിരശ്ശീലയിട്ടതു് .നേഴ്സ് മാധവ ചന്ദ്രനു നേരെ ഒരു കടലാസു
നീട്ടി.  മരുന്നു വാങ്ങാനുള്ള കുറിപ്പടിയായിരുന്നു അതു് .
                                                                                         [തുടരും]      

Monday, August 20, 2012

പ്രിയപ്പെട്ട മകനെ - ബ്ലോഗ് നോവൽ - 2

                                            അദ്ധ്യായം - രണ്ടു്

                                  പാൽ നിറത്തിലുള്ള ടൈലുകൾ ഭിത്തിയിൽ പാകിയ
പേ വാർഡിനുള്ളിൽ ഒരു ബന്ധനസ്ഥനെ പോലെ പതിനെട്ടു വയസ്സു പ്രായ
ത്തിൽ അരവിന്ദൻ കിടക്കുന്നു . കാല്പാദം മുതൽ അര വരെ പ്ലാസ്റ്ററിൽ പൊതി
ഞ്ഞിരിക്കുന്നു . തൊപ്പി വച്ചതു പോലെ തലയിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നു
ഇരു കൈകളും കട്ടിലിനോടു ബന്ധിച്ചിരിക്കുകയാണു് . കൈത്തണ്ടയിലും അര
യിലും ട്യൂബുകൾ ഘടിപ്പിച്ചിരിക്കുന്നു . ഒന്നു ചെറുതായി അനങ്ങാൻ പോലും
അരവിന്ദനു കഴിയുന്നില്ല . ദേഹമാസകലം കൊത്തി നുറുക്കുന്ന വേദന അനു
ഭവപ്പെടുന്നുണ്ടു് . ഇതിനകം തന്നെ വേദനയാൽ പുളഞ്ഞ് അമ്മേ,അമ്മേ എന്നു
ആയിരത്തിലധികം വട്ടം അരവിന്ദൻ നിലവിളിച്ചു കഴിഞ്ഞു . ആഴ്ചകൾ പിന്നിട്ട
നൊന്തു പിടച്ചിൽ . അതിനു മുമ്പുള്ള ഒരു മാസം അരവിന്ദനു തീർത്തും അജ്ഞാതം .

                            തന്നെ ഇമയനക്കാതെ നോക്കിയിരിക്കുന്ന അമ്മയുടെ
 കൈത്തണ്ടയിൽ തൊടാൻ അരവിന്ദൻ കൊതിച്ചു . എന്നൽ അതിനാകില്ല
യെന്ന വ്യഥയിൽ അവന്റെ ആ , ഇംഗിതം വെന്തു പോയി . ഇടറിയ ശബ്ദ
ത്തിൽ വളരെ പണിപ്പെട്ടു്  അരവിന്ദൻ അമ്മേയെന്നു വിളിച്ചു. അരവിന്ദന്റെ
കിടയ്ക്കക്കരികിൽ ശിലാരൂപം പോലെ അവനെ തന്നെ ഉറ്റു നോക്കിയിരി
ക്കുന്ന അനാമിക മുഖം താഴ്ത്തി പതിയെ ചോദിച്ചു
                                  "എന്തെന്റെ കണ്ണാ "
നീണ്ട നിശബ്ദതയ്ക്കൊടുവിൽ അരവിന്ദൻ പറഞ്ഞു തുടങ്ങി
                             " അമ്മേ! ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്ന തെറ്റുകളുടെ
പ്രതിപ്രവർത്തനമാണു് എന്റെ ഈ അശാന്തി . എന്റെ അന്തരാത്മാവു് ഒരു
തിരിച്ചറിവിന്റെ  രൂപാന്തരത്തിൽ എന്നെ ശക്തിയായി ഓർമ്മപ്പെടുത്തുന്നതു്
എനിക്കു പോകേണ്ടി വരുമെന്നാണു് . അതിനിയും താമസിക്കാൻ പാടില്ല
ഡെത്തു് പെനാൽട്ടിയാണു് ഞാനർഹിക്കുന്നതു്. അമ്മേ! ആ, ഡോക്ടർമാ
രോടു പറയൂ ; എനിക്കു ദയാവധമേകാൻ . അമ്മേ! ഇരു കൈകളുംകൂപ്പി
യാണു് ഇതു പറയേണ്ടതു് . ഈ അവസ്ഥയിൽ അതിനാകില്ല്ലലോ.എന്നാൽ
 മനസ്സിൽ വിറയാർന്ന കൈകൾ ഞാൻ കൂപ്പിയിരിക്കുകയാണു് . മനസ്സിൽ
 അമ്മയുടെ പവിത്രങ്ങളായ കാലുകളിൽ പ്രണമിച്ചു കൊണ്ടു് ഞാൻ യാചി
ക്കുകയാണു് " .
കണ്ണുനീരിനു ഹ‌ൃദ്രക്തത്തിന്റെ നിറമേകിയ നിർവ്വികാരതയുടെ സ്വയം
ഹത്യയെ അഭിമുഖീകരിച്ച അനാമിക പിന്നെ അരവിന്ദനോടു പറഞ്ഞു.

                           " ന്റെ, കുട്ടി നിനക്ക് നന്മകൾ മാത്രമേ അമ്മ വിധിയ്ക്കൂ .
ഇനി മുതൽ നിന്നെ സംഭ്രമിപ്പിക്കേണ്ടതു്, നിന്നെ അനുദിനം അഭിരമിപ്പി
യ്ക്കേണ്ടതു് ജീവിതത്തിന്റെ മഹത്തും, സുന്ദരങ്ങളുമായ ലക്ഷ്യങ്ങളാകണം
അതിനാകട്ടെ നിന്റെ പുതു യാത്ര . ഈ ഭൂമിയിൽ നിന്നും നിന്നെ ഞാൻ
മറ്റാർക്കും തന്നെ വിട്ടു കൊടുക്കില്ല . അതിനായി എന്നെന്നും കാലത്തോടും
വിധിയോടും ഞാൻ യുദ്ധം ചെയ്യും . അതു വിജയകരമായി പര്യവസാനിപ്പി
ക്കാൻ ; ന്റെ കുട്ടി നിനക്കു കഴിയണം , അതെ കഴിയും . ഒരു സാധാരണ
നാട്ടുമ്പുറത്തുകാരി സ്ത്രീയുടെ അസാധാരണ സിദ്ധികളുടെ പൊരുളുകൾ
എന്റെ അവസാന കാലത്തോ, അതിനു ശേഷമോ നിനയ്ക്കറിയാനുമാകും.
ഇപ്പോളതെക്കുറിച്ചു ഇത്രമാത്രം ".

ഏത്രയോ നാളായി അരവിന്ദനോടു പറയാനുദ്യമിച്ചതു് അതിന്റെ വീർപ്പു മുട്ട
ലിന്റെ പുറന്തോടു പൊട്ടിച്ചതിന്റെ ധന്യതയിൽ അനാമിക അരവിന്ദനെ
നോക്കി. അവന്റെ കണ്ണുകൾ പ്രകാശിതങ്ങളാകുന്നതു വാസന്തി കണ്ടു.
അമ്മയുടെ വാക്കുകൾ പ്രശാന്തമെങ്കിലും അവയ്ക്ക് കൊടുങ്കാറ്റിന്റെ ഊർജ്ജ
സ്വലതയുണ്ടെന്നു് അരവിന്ദൻ തിരിച്ചറിഞ്ഞു . അവന്റെ ചുണ്ടുകൾ വീണ്ടും
ചലിച്ചു." മതി ഇനി അധികം സംസാരിയ്ക്കേണ്ട. മേലനങ്ങിയാൽ വേദന
അധീകരിക്കും ". അനാമിക അവനെ വിലക്കി.

                      " അനാമികേ ഇംഗ്ലീഷു ലിറ്ററേച്ചറിൽ നിനക്കുള്ള ബിരുദാന
ന്തര ബിരുദവും പിന്നെ ഡോക്ടറേറ്റും എന്തേ നീ പ്രയോജനപ്പെടുത്താതു് .
കഷ്ടമെന്നേ പറയാനാകൂ" .

                         " മാധവേട്ട . എനിക്കു വരുമാനത്തിനു എന്റെ ഭർത്താവിന്റെ
ശമ്പളം ധാരാളം . പിന്നെ എന്റെ കഴിവുകളുടെ പ്രയോജനപ്പെടുത്തലുകൾ
നോക്കൂ !  ഞാനതു പാഴാക്കുമോ . എന്റെ എഴുത്തിന്റെ സ്വത്വത്തെ ഞാൻ മൂടി
വെച്ചിരിക്കുകയാണു് . പ്ലീസ് അതെക്കുറിച്ചു വേറൊന്നും ചോദിക്കരുതു് ".
മാധവൻ പിന്നെ ഒന്നും അതെക്കുറിച്ചു ചോദിച്ചില്ല. കരീബിയൻ ദ്വീപ സമൂഹ
ങ്ങളിലേക്കു ഒഴുകി നീങ്ങുന്ന കാർണിവൽ ക്രൂസ് ലെയിനിന്റെ എക്റ്റസിയെന്ന
വിനോദ സഞ്ചാര കപ്പലിലെ ആറാം നിലയിലുള്ള ക്യബിനിൽ അതേ നൗക
യിലെ ഫ്രണ്ടു് ഓഫീസിൽ പർസർ* കൂടിയായ മാധവൻ മധുവിധുവിന്റെ  ലഹരി
കളിലേക്കു അനാമികയെ കൂട്ടികൊണ്ടു പോയി . ആ യാത്രയുടെ ഓർമ്മയാണു
 അരവിന്ദൻ . ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്കു ഉറക്കമാരംഭിച്ച അരവിന്ദ
നെ നോക്കി അനാമിക ഊറി ചിരിച്ചു പോയി.

                            ആതുരാലയത്തെ ഗ‌‌ൃഹമാക്കിയ സുദീർഘങ്ങളായ മാസങ്ങൾ .
എല്ലറ്റിനോടും ഇന്നു വിട പറയുകയണു് . അരവിന്ദൻ കുളി കഴിഞ്ഞു് വസ്ത്രം മാറി
ബാത്തു് റൂമിൽ നിന്നും പുറത്തു വന്നു. അച്ഛനും ബന്ധുക്കളും ആശുപത്രി ഓഫീസിൽ
നിന്നും മടങ്ങി വന്നിട്ടില്ല.അമ്മ പെട്ടി ഒരുക്കുന്നു . അരവിന്ദൻ പിന്നിലൂടെ ചെന്നു
അനാമികയെ കെട്ടി പിടിച്ചു . പിന്തിരിഞ്ഞു അനാമിക അവന്റെ മേൽച്ചുണ്ടിലെ
കിളുർത്തു തുടങ്ങിയ മീശ രോമത്തിൽ വലിച്ചു കൊണ്ടു ചോദിച്ചു .
                           "ന്തടാ തടിയൻ ചെക്കാ" .  അരവിന്ദൻ അമ്മയുടെ നെഞ്ചിലേക്കു
ചാഞ്ഞു കെണ്ടു പറഞ്ഞു
                        "അമ്മേ , അമ്മയുടെ ഓരാ വാക്കുകളുടെ പരമാണുക്കൾ പോലും
എനിക്കിനി പ്രാണദാതാക്കളാണു് ".


                    "വരൂ നമുക്കു് അകത്തേക്കു പോകാം. അങ്ങേക്കു് വിശ്രമം കൂടിയേ
തീരൂ . പ്ലീസ് പോകാം വീടിനുള്ളിലേക്ക് ". ഭാര്യയുടെ ആർദ്രത ഇരമ്പുന്ന അഭ്യർ
ത്ഥന അരവിന്ദനെ വർത്തമാന കാലത്തിന്റെ പാതയിലേക്കു നയിച്ചു. അഭയയുടെ
പിറകെ അരവിന്ദൻ നടന്നു. ഒപ്പം സാമും. വീടിനകത്തേക്കു കയറിയ അഭയ
കിടപ്പു മുറിയിലെത്തി കിടക്ക വിരിച്ചു.മുറിക്കുള്ളിലേക്കു കടന്നു വന്ന അരവിന്ദനെ
അഭയ കൈപിടിച്ചു കട്ടിലിലിരുത്തി. " അങ്ങ് അല്പ നേരം കിടക്കൂ ". അരവിന്ദൻ
കിടക്കിയിൽ കിടന്നു . അഭയ കരച്ചിലടക്കാൻ പാടുപെടുന്നതു് അരവിന്ദൻ സഹ
താപത്തോടെ ശ്രദ്ധിച്ചു . അരവിന്ദന്റെ നെറ്റിയിൽ സാവധാനം തലോടി അഭയ
മുറിക്കു പുറത്തേക്കു കടന്നു . ഇനി കാൾ വന്നാൽ അദ്ദേഹം വിശ്രമിക്കുകയാണെ
ന്നു പറയാൻ സാമിനു അഭയ നിർദ്ദേശം നല്കി. അരവിന്ദൻ മുകളിലേക്കു മിഴിനട്ടു.
ഇതു താൻ ജനിച്ചു വളർന്നു പിച്ച വെച്ചു വളർന്നു വലുതായ വീടാണു് . സ്നേഹം
മനുഷ്യ രൂപം ധരിച്ച ഒരമ്മയോടൊപ്പം.
                 

 * പർസർ - കണക്കുകൾ നോക്കുകയും യാത്രക്കാരുടെ സുഖ
                     സൗകര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന
                     കപ്പലിലെ ഉദ്യോഗസ്ഥൻ.

                           Friday, August 17, 2012

പ്രിയപ്പെട്ട മകനെ - ബ്ലോഗ് നോവൽ

                                      അദ്ധ്യായം - ഒന്നു്

                            എരിഞ്ഞടങ്ങിയ ചിതയ്ക്കരികിൽ കണ്ണിമ ചിമ്മാതെ
അരവിന്ദൻ നിന്നു. ചിതയിൽ നിന്നും വെളുത്ത പുകച്ചുരുളുകൾ ഉയരുന്നുണ്ടു് .
ചെറുതായി വീശുന്ന കാറ്റിൽ ചിതയിലെ ചാരം ഉയർന്നു താഴുന്നു . അസ്തമയ
ത്തിന്റെ വ്യസനവുമായി പുല്ലന്തേരിയിലെ പ്രക‌‌ൃതി മുകമായി നില കൊണ്ടു.
അരവിന്ദൻ ചിതയിൽ നിന്നും കണ്ണെടുക്കാതെ സാവധാനം തന്റെ വിറ
യാർന്ന കൈകൾ കൂപ്പി , വിറപൂണ്ട ചുണ്ടുകൾ മന്ത്രിച്ചു.

                                     "അമ്മേ വിട......"
ഇതു് പ്രപഞ്ചത്തിന്റെ അവസാനത്തിന്റെ തുടക്കമാണോ ?  "അമ്മേ അമ്മ എന്റെ
പ്രപഞ്ചമാണു്" . കാതങ്ങൾക്കപ്പുറത്തു നിന്നും ഒരിക്കൽ അരവിന്ദൻ അമ്മയോടു
പറഞ്ഞതാണു് . കുപ്പി വളകിലുക്കം പോലെ അമ്മ അതു കേട്ടു പൊട്ടിച്ചിരിച്ചു .
സന്തോഷത്തിന്റെയും , സംത‌ൃപ്തിയുടെയും നിലവുതിർത്ത അമ്മയുടെ പൊട്ടി
ച്ചിരി.

അരവിന്ദൻ ആ , ധ്യനം വിട്ടുണർന്നു .നിഴലു പോലെ തന്നെ പിന്തുടരുന്ന സുരക്ഷാ
ഉദ്യോഗസ്ഥനെ അരവിന്ദൻ പിന്തിരിഞ്ഞു നോക്കി. ഏഴടിയിലേറെ പൊക്കമുള്ള
ആജാനുബാഹുവായ ആ , കെനിയൻ നീഗ്രോ കണ്ണുകൾ തുടയ്ക്കുന്നു .
                             "മിസ്റ്റർ സാം.... "       തന്റെ വാക്കുകൾ ഇടറുന്നതു് അരവിന്ദൻ
അറിഞ്ഞു . തുടർന്നു സംസാരിക്കാനകാതെ അരവിന്ദൻ സാമിനെ ഉറ്റു നോക്കി.
യുഎൻ സെക്രട്ടറി ജനറൽ അരവിന്ദനാഥിന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നതു്
നിസ്സഹായതയോടെ സാം നോക്കി നിന്നു . തന്റെ വന്യമായ ആഫ്രിക്കൻ കരുത്തി
നോ, ശരീര ഭാഗം പോലെ കൊണ്ടു നടക്കുന്ന പിസ്റ്റലിനോ സെക്രട്ടറി ജനറലിനെ
ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും രക്ഷിക്കാനാകില്ല. സാം അസ്വസ്ഥനായി .

                                സാറ്റലൈറ്റ്  ഫോൺ റിംഗ് ചെയ്തപ്പോൾ സാം ജാഗരൂക
നായി. സാം ബട്ടണമർത്തി ഫോൺ കാതോടു ചേർത്തു . ചോദ്യഭാവത്തിൽ നോ
ക്കിയ അരവിന്ദനോടു ജർമ്മൻ ചാൻസലറുടെ ഓഫീസിൽ നിന്നുമുള്ള കാളാണെന്നു
പറഞ്ഞു് അയാൾ ഫോൺ അരവിന്ദനു കൈമാറി.
ചാൻസലറുമായി ഈയിടെ അരവിന്ദനു കാര്യമായി തന്നെ മുഷിയേണ്ടി വന്നിരുന്നു
അണുവായുധ നിർവ്യപനമായിരുന്നു വിഷയം . ഊർജ്ജാവശ്യത്തിനു പോലും അണു
ശക്തിയുടെ അധീശത്വം കുറച്ചു് പകരം സംവിധാനമേർപ്പെടുത്തേണ്ടതിന്റെ അനി
വാര്യത ചൻസലർക്കു ബോദ്ധ്യപ്പെടുന്നില്ലെന്നതാണു അരവിന്ദനെ കുപിതനാക്കി
യതു് .
                     "ഒരു ഭ്രാന്തൻ ഭരണാധികാരിക്കു വെകിളി പിടിച്ചാൽ ഹിരോഷിമ
കളും നാഗസാക്കികളും എത്രയെണ്ണമുണ്ടാകും" ? അമ്മയുടെ ചോദ്യം.
                     " സെക്യൂരിറ്റി കൗൺസിലെ സ്ഥിരാംഗങ്ങൾ മുതൽ ജനറൽ കൗ
ൺസിലിലുള്ളവർ വരെ വമ്പന്മാരല്ലേ "
                      " നമ്മുടെ നാട്ടിൽ ഒരു വിളിപ്പേരുണ്ടു് നിർഗുണ പരബ്രഹ്മം".
                      " അമ്മേ അമ്മയാണു് ന്യൂയോർക്കിലെ ഈ കസേരയിൽ ഇരി
യ്ക്കേണ്ടതു്".
                      "ആ കസേരക്കു ഏറ്റവും ഉത്തമനായ ആളെ തന്നെയാണു് കാലം
തെരഞ്ഞെടുത്തിരിക്കുന്നതു്".  
                      " എങ്കിൽ ഞാൻ നിർഗുണ പരബ്രഹ്മമാകില്ല".
ഊർജ്ജസ്രോതസ്സിൽ നിന്നും ഊർജ്ജം പകർന്നേകിയ സംവാദം . അരവിന്ദ നാഥ്
എന്ന യുഎൻ സെക്രട്ടറി ജനറൽ നിർഗുണ പരബ്രഹ്മമല്ലെന്നു ലോകരാഷ്ട്രങ്ങൾക്കു
ബോദ്ധ്യമായി . ചാൻസലറുടെ ആശ്വാസ വചസ്സുകളേറ്റു വാങ്ങി ഫോൺ സാമിനെ
തിരിച്ചേല്പിച്ചു് അരവിന്ദൻ ചിതയിലേക്കു കണ്ണു നട്ടു. ഉയർന്നു പൊങ്ങുന്ന പുകപടല
ങ്ങൾക്കെപ്പം അരവിന്ദൻ സ്മരണകളുടെ പുരാതനങ്ങളിലേക്കു യാത്രയായി .

                                                                                       ( തുടരും )
                       
                                


                                  

Wednesday, August 15, 2012

പ്രിയപ്പെട്ട മകനെ - ബ്ലോഗ് നോവൽ

                           ആമുഖം

                            ആദ്യ നോവൽ 'രിതേ ബന്തലയിലെ മന്ത്രവാദിനി'ക്കു
മുമ്പു് എഴുതിയ നോവലാണിതു് . ഇതിലെ പ്രധാന കഥാപത്രമായ അരവി
ന്ദൻ വഹിക്കുന്ന പദവി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റേതാണു് .
ബഹുമാനപ്പെട്ട ശശി തരൂർ എംപി സെക്രട്ടറി ജനറൽ സ്ഥാനത്തു മത്സ
രിക്കാൻ ഉദ്യമിച്ചതിനു മുമ്പാണു് ഈ നോവൽ ഞാനെഴുതിയതു്. ഒരു മലയാ
ളിക്കു അന്തർദ്ദേശീയ രംഗത്തിൽ എത്തിപ്പെടാവുന്ന ഉന്നത സ്ഥാനമെന്ന
നിലയിലാണു് ഞാനതു നോവലിൽ സ്വീകരിച്ചതു് .

                               കൂടുതൽ കുറിക്കുന്നില്ല . നോവലെഴുതാൻ ആത്മവി
ശ്വാസം പകർന്നു തന്ന ബ്ലോഗ് സുഹ‌‌ൃത്തുക്കളോടുള്ള കടപ്പാടും നന്ദിയും
 നിസ്സീമമാണു്. പ്രഥമ നോവൽ അച്ചടി മഷി പുരളാൻ തെരഞ്ഞെടുത്തു
 കഴിഞ്ഞ പ്രിയപ്പെട്ട മനോരാജിനോടു എന്താണു  ഞാൻ പറയേണ്ടതു് .
                    കടപ്പാടിനെക്കാൾ അമൂല്യമായ നന്ദിയെക്കാൾ വിലമതി
ക്കാവുന്ന ഒരു വാക്ക് എനിക്കു പറഞ്ഞു തരൂ . അതാണു് , അതു മാത്ര
മാണു് എനിക്കു്  മനോരാജിനോടു പറയാനുള്ളതു് .

Monday, June 18, 2012

അശാന്തിയുടെ കൂടാരത്തിൽ


അശാന്തിയുടെ കൂടാര -
ത്തിലെത്തിയ
അതിഥിയാണിന്നു ഞാൻ
ചഷകങ്ങളിൽ
നിറയ്ക്കുന്നതു
കണ്ണുനീരോ ? രുധിരമോ ?
ഭോജന പാത്രത്തിൽ
ആത്മാവു പകുത്തു
ദുരിത ഗണങ്ങളോ ?
അശാന്തിയുടെ
പാളയത്തിലെ
തടവുകാരൻ ഞാൻ .

ജനനമരണങ്ങളുടെ
കാലദൈർഘ്യങ്ങൾക്കിടെ
ജീവിതം ക്ഷണിച്ചു
കൊണ്ടു വന്നതിവിടെ
എന്തെന്തു സ്വപ്നങ്ങൾ
കണ്ടതൊക്കെയും
തല്ലിക്കൊഴിച്ചുവല്ലോ
പൊഴിഞ്ഞൊരാ
സ്വപ്നത്തിനിതളുകളിൽ

ആരുടെ കാല്പാടുകൾ ?

അകലെയേതോ
വിജനതയിലുയരുന്ന
ദൃഢ കാലൊച്ചകൾ
കാണാനാകാതെ
എത്തിടുമതിഥിയുടെ
പാദപതനങ്ങൾ

വരിക സഖേ , വരിക
നല്കിടാമുപഹാരം
അനുയാത്രക്കു മുമ്പ് ,
ജീവിത മുത്തുകൾ
നിറയ്ക്കുവാൻ
കാലമേകിയ കനക -
ച്ചെപ്പിൽ നിയതി
നിറച്ച കണ്ണീർമണികൾ .

Sunday, June 3, 2012

സുഖമല്ലേ ! സഖി

 ഓരോരോ രാഗസ്പന്ദനങ്ങളിലും
സ്വന്തമെന്നു കരുതി നിൻ, രാഗത്തെ
 നെഞ്ചോടു ചേർത്തെന്നും  നിറുത്തി
ഏതോതേ കാരണത്താൽ നീ നഷ്ടപ്പെട്ട
നൊമ്പരം, തീക്കാറ്റതേക്കുന്നതിനെക്കാൾ
എത്രയോയെത്രയോ, തീക്ഷ്ണമിന്നും !

ആയിരാമായിരമാളുകൾക്കിടയി -
ലേകാന്തത വന്നു പൊതിയുമ്പോൾ
ആമഗ്നനായിയൊരു ഗാനധാരയിൽ
സർച്ചം മറന്നു ലയിച്ചിടുമ്പോൾ
സ്വകാര്യമായൊരു, പകൽകിനാവിൻ
അവാച്യ മേഖലകൾ താണ്ടുമ്പോൾ
ദിനാന്തം പിന്നെ, സുക്ഷുപ്തിയിലാണ്ടെല്ലാം
മറന്നൊന്നു ഞാൻ, ശയിച്ചിടുമ്പോൾ
ഓടി വന്നെത്തുന്നാ സ്മരണകളും
വല്ലാതെയുലക്കും , നഷ്ടബോധവും .

ജീവിതയാത്ര തീരുന്നവസാന
മാത്രയിലെന്റെ നിശ്ചേതനയിൽ
തരിവളയിട്ട കൈകളെനിക്കേറ്റം
ഇമ്പമാർന്നനാദമുതിർത്തൊരു, 

പനിനീർ പൂവെൻ ജഢമേനിയിൽ
ഒരു തുള്ളി കണ്ണുനീരിനകമ്പടി -

യോടെ,മെല്ലേ , മെല്ലെയുതിർക്കവേ
അന്നേരമെന്നുടെ ഹൃത്തിൽ നിന്നുയരും
സുഖമല്ലേ ! സഖിയെന്ന , ചോദ്യം ?

Friday, May 25, 2012

നുണകൾ


      


അമ്മേ സുഖം തന്നെ !
പാതി തുറന്ന മിഴികളിലൊരു
സ്നേഹപ്പൊൻത്തിളക്കവുമായി
പാൽ പുഞ്ചിരി വിടർത്തിയമ്മ
പറഞ്ഞതോ , സുഖം തന്നെ
വേണ്ടാ ! വിഷാദമെൻ കണ്ണാ .

ദേഹാസകലം രോഗ പീഢയുടെ
ഞണ്ടിൻ കാലുകൾ മാംസകല -
കളിലോരോന്നായിയാഴ്ന്നിറങ്ങും
ദുസ്സഹമാം കൊടും വേദനകൾ
മറച്ചിടാൻ പൊഴിച്ചു നറും പുഞ്ചിരി
അമ്മ വീണ്ടും വരണ്ട ചുണ്ടതിൽ
ആവർത്തിച്ചതു വീണ്ടും
കല്ലു വെച്ച  കൊടും നുണ മാത്രം ;
സുഖം തന്നെ മകനെ , സുഖം.

ഇന്ദ്രിയങ്ങളന്നു വേർപാടിൻ
അഗ്നിജ്വാലകളിൽ വേകുമ്പോൾ
അച്ഛനുറങ്ങുന്നുവോയമ്മേയെന്നുണ്ണി
ചോദിച്ചതുമതേയെന്നുരിയാടിയതും
അമ്മയുടെ ആദ്യ നുണയായിരുന്നു
പിന്നെത്രയോ കല്ലു വെച്ച നുണകൾ
അന്തിക്കത്താഴക്കഞ്ഞി കുടിച്ചുണ്ണി
അമ്മ കഴിച്ചുവോയെന്നാരാഞ്ഞതും
ഒഴിഞ്ഞ കഞ്ഞിക്കലത്തിനെ സാക്ഷി
ഉടനെ കഴിക്കാമെന്നു പറഞ്ഞതും
അമ്മയുടെ കല്ലു വെച്ച നുണയായിരുന്നു

*   *         *    *      *    *       *     *

കണ്ണുകളടച്ചു അമ്മ കിടക്കുന്നു
ഉണരില്ലേയെന്നമ്മേയെന്നു നെഞ്ചു
പിടഞ്ഞു മകനുറക്കെ ചോദിച്ചു
ഒന്നുമുരിയാടാതെയൊരു നുണ പറയാതെ
അമ്മ കിടക്കുന്നു നിശ്ചലം , നിശ്ശബ്ദം.


Thursday, May 10, 2012

പനി


ഞങ്ങൾക്കു പനിച്ചു തുടങ്ങി
നെറ്റിത്തടത്തിലും , മുഖത്തും
നല്ലതു പോലെ ചൂടു വ്യപരിക്കുന്നു
കൺ പീലികളും , ചുണ്ടുകളും
ഉഷ്ണം തൊട്ടറിഞ്ഞു തുടങ്ങി

പനി കടുത്തു വിറയാർന്നപ്പോൾ
ശരീരോഷ്മാവിന്റെ ആരോഹണം
വിരലുകൾ സുക്ഷ്മതയോടെ തേടി
ഉച്ഛോസ വായുവിനു ; പനിച്ചൂടിന്റെ
രൂക്ഷമായ മദഗന്ധം
ഞങ്ങൾ പിച്ചും പേയും പറഞ്ഞു
ഇപ്പോൾ സർവ്വാംഗം വിറക്കുന്നു
അർദ്ധ ബോധാവസ്ഥയിൽ
ഞങ്ങൾ പേടി സ്വപ്നം കണ്ടാകാം
 ഉറക്കെ നിലവിളിച്ചു പോയി
പനി , അവരോഹണം തുടങ്ങി.


എത്രയെത്ര നാളായി തോരാത്ത
മഴയാവോളം നനയുകയായിരുന്നു
ഇടതടവില്ലാതെ പെയ്തൊരു
പ്രണയ മഴയിലൊന്നിച്ചു
ഞങ്ങൾ നനയുകയായിരുന്നു
എന്നാലിന്നാണു പനി പിടിച്ചതു് .
Sunday, April 29, 2012

വിളിയ്ക്കാതെ നീ വന്നപ്പോൾ
ഞാൻ വിളിയ്ക്കാതെയൊരിക്കൽ
നീയെന്നരികിലെത്തും
അന്നു ഞാൻ നിന്നോടൊന്നും
സംസാരിക്കുകയില്ല
കണ്ട ഭാവം കാണിയ്ക്കില്ല
വിളിയ്ക്കാതെ നീയരികിലെത്തും

അധരങ്ങൾ വിറയാർന്നു വിതുമ്പി
അപ്പോൾ ഒരു തുള്ളി കണ്ണു നീർ
നിന്റെ കണ്ണിൽ നിന്നും
താഴേയ്ക്കു പതിക്കും
പിടഞ്ഞിടുമെന്റെ മനമപ്പോൾ
നിന്നോടു മിണ്ടുവാൻ കൊതിക്കും
എന്നാലതിനാകാതെ പോകും

എത്രയെത്ര ദൂരത്തു ഞാൻ
നിന്നിൽ നിന്നകന്നു പോയി
ഒടുവിൽ കണ്ണുകൾ തുടച്ചു
നീ , പിന്തിരിഞ്ഞു നടക്കും
അപ്പോളെന്റെ കല്ലറയിൽ
നീ , വെച്ച പനിനീർ പൂവും
ഞാനും , പിന്നെയും തനിച്ചാകും .

Thursday, March 22, 2012

അപരിചിത

എന്തേയെനിക്കു നീയിന്നും
അപരിചിതയാകുന്നു
വിശേഷങ്ങളും,സ്വകാര്യങ്ങളും
പങ്കു വെച്ചിടുമ്പോഴും
യൗവ്വനത്തിന്റെ
തീക്ഷ്ണതകളിലൂടെ ;
ഇന്ദ്രിയങ്ങളുടെ
ഉയരുന്ന ജ്വാലകളിലൂടെ
നമ്മൾ കടന്നു പോകുമ്പോൾ ,
ആത്മസ്പർശങ്ങൾ
അപ്രതീക്ഷിതങ്ങളായ
കൊടുങ്കാറ്റായി തീരുമ്പോൾ
തീരം കവിഞ്ഞു
ഇളകി മറിഞ്ഞൊഴുകുന്ന
വൈകാരികതയുടെ
പുഴയിലൊഴുകുമ്പോൾ
എന്തേ നീയപരിചിതയായി

ഒടുവിലൊരു കടുത്ത
സമസ്യയുടെ ഉത്തരം കിട്ടുന്ന
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.

Sunday, March 11, 2012

നിന്റെ കണ്ണിലെ മരുഭൂമി

ആത്മാവിന്റെ തീക്ഷ്ണ
നൊമ്പരങ്ങൾക്കു
മുമ്പിൽ നിന്നെന്നും
മന്ദസിക്കുന്നു , നീ
ഞങ്ങളോ ,
അത്യധികമായ
ആഹ്ലാദത്താലും
അഭിരമിപ്പിക്കുന്ന
ഹർഷേന്മാദത്താലും,

ചിലപ്പോഴെക്കെ
ഒരു , തമാശയുടെ
ശ്രവണ സുഖമേകുന്ന
ഉല്ലാസ സംപൂർണ്ണമായ
സന്തോഷത്താലും
ഉറക്കെ ചിരിക്കുകയാണു് .

ഒന്നു പൊട്ടിക്കരയുയെന്നു
സമാശ്വാസിപ്പിച്ചും
വിരൽത്തുമ്പുയർത്തിയും
സൗഹൃദത്തിന്റെയാ
നൂല്പാലം കടന്നു
വന്നെത്തുന്നവരോ
നിന്റെ കണ്ണു നീരിനുറവ
ഒരു മരൂഭൂവായതു
കണ്ടെത്തുകയായിരുന്നു ,

തൊട്ടരികിലായി
കാലം നീക്കി വെച്ച
ഏകാന്തയുടെ
ഭാഗപത്രത്തിൽ
ഉപേക്ഷിക്കപ്പെട്ട
ശവം പോലെ , നിന്നുടെ
ജീവിത ഭാണ്ഡം

ഇതാണു നിസ്സഹായേ
ആരോരുമില്ലാത്ത
വൈധവ്യത്തിന്റെ
പരിമാണ കല്പനകൾ .Monday, March 5, 2012

എന്റെ കാലുകൾ

എന്റെ കാലുകളെ
എനിക്കു വെറുപ്പാണിന്നു്
ഇഷ്ടപ്പെടാത്ത
വഴികളിലൂടെ
കണ്ണു മൂടിക്കെട്ടിയ
ഒരശ്വത്തെ പോലെ
തന്നിഷ്ടത്തോടെ
അവ നടന്നു പോകുന്നു
കുറ്റം എന്റേതു മാത്രം

വെളിച്ചമില്ലാത്ത
ഭൂപ്രദേശങ്ങളിലൂടെ
പ്രണയരഹിതങ്ങളായ
തെരുവുകളിലൂടെ
എന്റെ കാലുകൾ
യഥേഷ്ടം നടക്കുന്നു

അരുതെന്നു
ആഞ്ജാപിക്കാനോ
ആകരുതേയെന്നു
യാചിക്കുവാനോ
അവകാശമില്ലത്രെ
എന്റെ കാലുകൾ
അങ്ങിനെ നടക്കുകയാണു്.....


Saturday, February 11, 2012

പൂക്കള്‍ വിടരാത്ത വാക്കുകള്‍


ഞാന്‍ നിന്നോടു പറയുമ്പോള്‍
വാക്കുകള്‍ പൂവിടാറില്ല
ഒഴുകി പരക്കുന്ന സുഗന്ധം
ഒരിക്കലുമുതിരാറുമില്ല
ഒരു ശീതള കരസ്പര്‍ശമായി
അവ നിന്റെ മനസ്സിനെ
ഒരിക്കലും തലോടാറുമില്ല

അതൃപ്തിയുടെ കറുത്ത
ആകാശത്തു നിന്നുമാണു
എന്റെ ശബ്ദമൊരു
ജന്മ നിയോഗം പോലെ
നീ , കാതോര്‍ക്കുന്നതു് ,
ഹിതങ്ങള്‍ക്കു വിപരീതം
എന്റെ വാക്കുകള്‍
അസഹനീയതയുടെ
മുള്‍ മുനകളില്‍ നിന്നു
എന്തേ നീ  , ശ്രവിക്കുന്നു ?

ദശാസന്ധികളുടെ
പിടിയിലമര്‍ന്നു
പിടയുമ്പോളെങ്ങിനെ
ഒരു ജീവിതത്തില്‍
വസന്ത കാലമുണ്ടാകും
വസന്തകാലത്തല്ലോ
വാക്കുകളില്‍
പൂക്കള്‍ വിടരാറുള്ളൂ
ഒറ്റപ്പെടുത്തലെന്നേ
കാത്തിരിക്കും ; വിദൂരത -
യിലേക്കിനിയും ദൂരമോ ?
 .
Saturday, February 4, 2012

കവിത ജീവിക്കുന്നു

                       
                                    കോട്ടകള്‍ പുരാവസ്തുക്കളാകും
                                    തോക്കുകള്‍ ജീര്‍ണ്ണിച്ചും
                                    തുരുമ്പെടുത്തും നശിക്കും
                                    ഭരണാധികാരികള്‍
                                    മറവികളില്‍ നിര്‍ദ്ദയം
                                    കുഴിച്ചു മൂടപ്പെടും
                               
                                   പ്രത്യയ ശാസ്ത്രങ്ങളും
                                   ദര്‍ശനങ്ങളും ,
                                   പല്ലക്കുകളില്‍
                                   നിന്നും ,വിദൂരതയിലേക്കു ,
                                   വലിച്ചെറിയപ്പെടും .

                                   കവിതകളും അതിന്റെ
                                   മന്ദ്രമധുരങ്ങളായ
                                   ആലാപനവും ; എന്നെന്നും
                                   സൂര്യചന്ദ്രന്മാരോടൊപ്പം
                                   ഉണ്ടായിരിക്കും.
                                   ഏതോ വിഢ്ഢിയുടെ
                                   പുലമ്പല്‍ മാത്രമാണു്
                                   കവിത മരിക്കുന്നുവെന്നു് .
                                  
                                 
Friday, January 20, 2012

കരിങ്കല്‍പ്പാവ


അലിവില്ലാത്ത
ദൗര്‍ഭാഗ്യത്തിന്‍
പിടിയിലമര്‍ന്നു
പിടയുമ്പോഴും
പുരുഷ മനസ്സൊരു
കരിങ്കല്ലെന്നതു
സ്ത്രീയുടെ അഭിമതം

കിനാവുകള്‍
കാലത്തിന്‍
ജഠരാഗ്നിയില്‍
കത്തിയമരുമ്പോഴും
അഭിലാഷ നൗക
വിധിയുടെ
കൊടുങ്കാറ്റില്‍
ജീവിതപയോധിയില്‍
മുങ്ങിത്താഴുമ്പോഴും
അവന്‍ചിരിക്കണം
ഒരു യുദ്ധം വിജയിച്ച
യോദ്ധാവിനെ പോല്‍ .

പുകക്കറ പറ്റിയ
പരുക്കന്‍ ചുണ്ടുകള്‍
പ്രേമാര്‍ദ്രം തഴുകും
സ്ത്രൈണ വിരലുകള്‍
അവന്റെ കണ്ണിലെ
കണ്ണീര്‍ മുത്തുകള്‍
കണ്ടില്ലെന്നു നടിക്കും
എന്തോയവിടെ -
യെന്നലക്ഷ്യം മന്ത്രിക്കാം !

സാന്ത്വനം പുരുഷനു
അതിരുകള്‍ക്കപ്പുറത്തെ
പ്രത്യാശ മാത്രം
കരയരുതു നീ സഖേ ,
കരയാനവകാശമില്ലാത്ത
കരിങ്കല്‍ പാവയാണു നീ .

*   *   *   *   *   *   *    *

വിഹ്വലതകള്‍ സീമകള്‍
ലംഘിക്കുമ്പോള്‍
നക്ഷത്രങ്ങള്‍ കാണാതെ
കാറ്റു കേള്‍ക്കാതെ
അവന്‍ നിശ്ശബ്ദം
പൊട്ടിക്കരയുമായിരിക്കും .ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...