Wednesday, November 18, 2015

ഉറക്കം തേടി


കടലെത്രയൊഴുക്കിയാലുമണയാത്ത
ഉള്ളിലെ കനലിലെരിയുന്ന വേദന
വിടപറഞ്ഞു പോകും സൗഹൃദങ്ങൾ
വലിച്ചെറിഞ്ഞിടുന്ന കൊടും വേദന
പാറിപ്പറക്കാൻ വെമ്പിടും ജീവിത
പ്രതീക്ഷകൾ, ചിറകു തകർന്നു താഴെ
വീഴുമ്പോളറിയും നഷ്ട ബോധത്തിൻ
കരിനിഴലു പടർന്നിടും ദുസ്സഹ വേദന.
ചിന്തകളിൽ ഭാവനയിൽ, ചിത്തമലഞ്ഞു
കല്പനാ തത്വമോടെ കുറിച്ചതൊക്കെയും
മാറാല നിറഞ്ഞ പാഴ് ഗൃഹമായി മാറിയ
നിസ്സാഹയതയുടെ ഊഷര വേദന
വേദനകൾ പുതച്ചു ഞാൻ കിടക്കുന്നു
ഉറക്കമേ നീയെന്തേ ഉറങ്ങിപ്പോയോ?

Wednesday, November 11, 2015

സഹോദരി നിനക്കായി


പുസ്തകം തുറന്നു
നോക്കുമ്പോൾ
കാണുന്നതു
അവന്റെ മുഖമാണു്
സ്വപ്നത്തിൽ
വന്നെത്തുന്നതും
അവന്റെ മുഖം മാത്രം
അത്രയ്ക്കിഷ്ടവും
പ്രിയതരവുമായതിനാൽ;
പകൽകിനാവും ,
മധുരസ്വപ്നവും
അവനെക്കുറിച്ചോർത്തു
കാണുന്നതല്ല ,
അതെല്ലാം
പേക്കിനാവുകൾ .
ഒരിക്കൽ
അവനെയെത്രമാത്രം
ഇഷ്ടമായിരുന്നു ,
ജീവനായിരുന്നു
അവൻ വിളിച്ചപ്പോൾ
പ്രപഞ്ചത്തിന്റെ
അതിരുകൾക്കപ്പുറം
എല്ലാമുപേക്ഷിച്ചു
യാത്രയാകൻ
തയ്യാറായതും
അതു കൊണ്ടായിരുന്നു
എന്നാൽ അവനെ
ഇന്നെനിക്കു
പേടിയാണു് ,
പേടിസ്വപ്നങ്ങളിൽ
അവന്റെ
ബീഭത്സ മുഖം തെളിയുന്നു
പല്ലുകളും നഖങ്ങളും
തെളിയുന്നു
മുഷിഞ്ഞ വിയർപ്പു
ഗന്ധത്തിന്റെ
അസഹനീയതയും
വയ്യ !അതൊന്നും
ഓർക്കാനാവുന്നില്ല
എന്നാലുമെഴുതിപ്പോയി
നിനക്കായി
സഹോദരി നിനക്കു വേണ്ടി .

Thursday, October 8, 2015

കമ്പികളില്ലാത്ത വീണ


ഒറ്റക്കമ്പിയുമില്ലാത്ത
നിന്റെ മണി വീണ
മീട്ടുമ്പോളുണരുന്ന രാഗം 
കൊണ്ടു പോകുമെന്നെ
അജ്ഞാത വിഹാരങ്ങളിൽ
സപ്തം കടന്ന സ്വരങ്ങളിൽ
സംഗീത സാഗരങ്ങൾ
നീന്തി കടന്നു ചെന്നെത്തും
കാണാ കാഴ്ചകളുടെ
പ്രമദ വനങ്ങൾ തീർത്ത
വസന്തോത്സവങ്ങളിൽ
ചുവടുകൾ വെച്ചു ലാസ്യ
നടനമാടി തീർത്തെൻ
ഇന്ദ്രിയങ്ങളുടെ അനുഭൂതികൾ
പത്മ പരാഗങ്ങൾ പാകിയ
നടവഴികൾ ,ഗാന കന്യകകൾ
തീർത്ഥം തളിച്ചു
വിശുദ്ധമാക്കി വരവേറ്റിയ
മാളികയിൽ , സ്വപ്നങ്ങളുടെ
കംബളം പുതച്ചു
ഞാൻ സുഖ സുക്ഷുപ്തിയതു
പൂകട്ടെയിന്നാദ്യമായി.

Sunday, September 20, 2015

മുല്ലപ്പൂ വിപ്ലവം

.
വെണ്മയാർന്ന ചൈനാ ക്ലേ കപ്പിലെ ചുടു ചായ എന്തേ കാണുന്നില്ല!
പത്രവും വീക്കിലിയും പതിവു പോലെ ടീപ്പോയിലൊരുക്കി വച്ചിരിക്കുന്നു .
കളത്രമേ കഷ്ടമാണിതു ചായ കിട്ടാതെ ആരംഭ ക്ലേശിതനാകുമല്ലോ ഞാൻ
ചായ കോപ്പ കണ്ടില്ലെങ്കിലും കണ്ണൻ ദേവൻ മലയിലെ കാറ്റ് ഉന്മേഷത്തോ
ടെ ചുറ്റിപ്പടരുന്നുണ്ടെന്നെ . മഹാ നടന്റെ മാന്ത്രിക ശബ്ദം കാതുകളിൽ
ഊർജ്ജസ്വലതയോടെ പരസ്യമല്ലയതു , മൃത സഞ്ജീവനിയാണു് . ആവി
പറക്കുന്ന ചായ കപ്പും കാത്ത് അക്ഷമതയോടെ ഉലാത്തുമ്പോൾ കടന്നു
വന്നു ഭാര്യ പറഞ്ഞു
 ഇനി ചായ ഇല്ല, ചായ കുടിയും വേണ്ട .
പ്രാതലിനു താറാവു റോസ്റ്റും കള്ളപ്പവും ഉച്ചയ്ക്കു ഊണു് കരിമീൻ
പൊള്ളിച്ചതും മൂരി ഉലർത്തിയതും ചേർത്തു്. രാത്രി ചപ്പാത്തിയും ചിക്കൻ
ചില്ലിയുമുണ്ടായിരിക്കും. അവളുടെ മെനുവിൽ അന്നു വൈകുന്നേരവും ചായ
ഇല്ല . ചോദ്യ ഭാവത്തിൽ നോക്കിയ എന്നോടു അന്നാദ്യമായി അവൾ
കയർത്തു സംസാരിച്ചു. 
                                    നിങ്ങളെക്കെ ചായകുടിക്കുമ്പോൾ മുതുകു വളച്ചു
തേയില കൊളുന്തു നുള്ളുന്ന പാവം പെണ്ണുങ്ങളെ ഓർത്തിട്ടുണ്ടോ. തണുത്തു
വിറച്ചു മുതുകിൽ തൂക്കിയിട്ടുള്ള കുട്ടകളിൽ യന്ത്രം പോലെ കൊളുന്തു നുള്ളി
നിറക്കുന്ന ആ പെണ്ണുങ്ങൾ സമരത്തില. ജീവിക്കാനുള്ള സമരത്തിൽ
ഇതെന്റെ ഐക്യദാർഢ്യ സമരമാണു്. മലപ്പടക്കം പൊട്ടി തീർന്നതു
പോലെ അവൾ പറഞ്ഞു നിറുത്തി.
എന്നാൽ നാളെ മുതൽ ബ്രൂക് ബോണ്ടു് വാങ്ങാം. എന്നാലും ചായ ഇല്ലാതെ
കഴിയില്ല നല്ല പകുതി.
അവരുടെ സമരം തീർന്നാലേ ഇനി ചായയുള്ളു . അവൾ തീർത്തു പറഞ്ഞു
തോട്ടമുടമയെയും തൊഴിലാളി നേതാക്കളെയും ശകാരിച്ചു മുറിക്കു പുറത്തേക്കു
പോയി. അപ്പോളാണു് ഞാൻ ശ്രദ്ധിച്ചതു് പതിവില്ലാതെ അവൾ തലയിൽ
മുല്ലപ്പൂ ചൂടിയിരിക്കുന്നു. മുല്ലപ്പൂ അലർജിയായതിനാൽ അവൾ ചൂടാറേയില്ലാ
യിരുന്നു .

Saturday, September 12, 2015

ഒാലപ്പാമ്പു്


പിന്നാലെ ഇഴഞ്ഞെത്തുന്ന
പാമ്പിനെ പേടിച്ചു്
വളരെ വേഗത്തിൽ
ഒാടി പോകുന്നയാളെ കണ്ടു
തിരിഞ്ഞു നോക്കി,
ഓട്ടത്തിനിടയിൽ കൈവീശി
പാമ്പിനെ വിലക്കുമ്പോൾ
വിപ്ലവത്തിന്റെ
കൊടി പിടിച്ച തഴമ്പു്
ആ, കൈകളിൽ
പാമ്പിനെ സൂക്ഷിച്ചു നോക്കി ,
എന്നെ പാമ്പും ഓട്ടക്കാരനും
ഒരേ പോലെ ഞെട്ടിച്ചു.
അതൊരു ഓലപ്പാമ്പാണു്
പുറത്തു് പച്ച കുത്തിയിട്ടുണ്ടു്
മതമെന്നു് വലുതായി .

Thursday, September 3, 2015

പണം കായ്ക്കുന്ന മരങ്ങളും, എക്സ് പ്ലാന്റർമാരും


പണം കായ്ക്കുന്ന മരം,
കപ്പയും മീനും കഴിച്ചു്
കച്ചിത്തോർത്ത് മുറുക്കിയുടുത്തു
പറമ്പു കിളച്ചു വിത്തു വിതച്ച
അദ്ധ്വാന ശീലരെ
പ്ലാന്റർമാരാക്കിയ നല്ല കാലം
ജീപ്പും പിന്നെ ബെൻസും
ഉമ്മറ മുറ്റത്തു് തലയെടുപ്പോടെ
കിടന്നിരുന്നു അന്നു്
മരങ്ങളിൽ നിന്നും ലഭിച്ച
പണം പണപ്പെട്ടികളെ നിറച്ചു
അതിൽ നിന്നും
ഒന്നോ രണ്ടോ രൂപ
കുരിശ്ശടികളിലെ കാണിക്കപ്പെട്ടികളിൽ
മാറ്റി വെയ്ക്കപ്പെട്ടു കൊണ്ടിരുന്നു.

റപ്പായിയും ഉതുപ്പും മറ്റും
ആ, നല്ല കാലത്തിന്റെ മധുരസ്മരണകളിൽ
ഇന്നു് പുളഞ്ഞു പോകുന്നു
ബെൻസു കാറുകൾ
ഒഴിയാ ബാധ പോലെ അവരെ
പേടിപ്പിച്ചു കൊണ്ടു്
ഉമ്മറ മുറ്റത്ത് തുരുമ്പിനെ കാത്തു കിടന്നു

പണം കായ്ക്കുന്ന മരത്തിനു്
ഊർജ്ജസ്വലത ഒട്ടും കുറവില്ല
എന്നാൽ പഴയതു പോലെ
പണം അത്രക്ക് ,അല്ല ഒട്ടും തന്നെ
കായ്ക്കുന്നില്ല മരങ്ങളിൽ
പെൻഷൻ പറ്റിയ സർക്കാർ
ഗുമസ്തന്മാരെ പോലെ നിസ്സംഗരായി
എക്സ് പ്ലാന്റർമാർ
റബ്ബർ ബോർഡാഫീസിൽ
കാൽ നടയായി ഇടയ്ക്കിടെ ചെല്ലുന്നതും
ഇറങ്ങി പോകുന്നതും
പതിവായി കഴിഞ്ഞിരിക്കുന്നു.

Tuesday, August 25, 2015

പുനർ വായന


പുനർ വായനകളിലാണു്
നിന്നെയറിഞ്ഞതും
ഇഷ്ടപ്പെട്ടതും
എന്നാൽ
കാലത്തിന്റെ താളുകൾ
അവസാനപുറമെത്തി കഴിഞ്ഞു .
അദ്ധ്യായങ്ങൾ
നീണ്ടുപോയതിന്റെ മടുപ്പോ
സംഗ്രഹിക്കേണ്ടതെന്ന
തീർച്ചപ്പെടുത്തലുകളോ
അല്ലായിരുന്നു
എന്റെ വായനയെ മടുപ്പിച്ചതു്
കടിച്ചാൽപ്പൊട്ടാത്ത
വാക്കുകളുടെ വിഘ്നങ്ങളോ
ദുർഗ്രഹതയുടെ
അസ്വീകാര്യതയോയല്ല
എന്റെ വായനാ തത്പരതയെ
നിസ്സാരവല്ക്കരിച്ചതു്
ആദ്യമായാണു്
നിന്നെ ഞാൻ മനസ്സിരുത്തി
വായിയ്ക്കാൻ തുനിഞ്ഞതു് .

Monday, July 27, 2015

ശിരോവസ്ത്രം


മതവിശ്വാസത്തിന്റെ
നർബ്ബന്ധങ്ങളിൽ
ശിരോവസ്ത്രം
അവൾ സ്വയമണിഞ്ഞു .
ശിരോ വസ്ത്രവുമായി
വിശ്വാസത്തിന്റെ
അനുശാസനങ്ങളിലവൾ
നിർബ്ബാധം നടന്നു പോയി
ബ്രെയിൻ ട്യൂമറിന്റെ
മൂർദ്ധന്യതയിലാണു്
അവളുടെ ശിരോവസ്ത്രം
അഴിച്ചു മാറ്റപ്പെട്ടതും
ശിരോവസ്ത്രമില്ലാതെ
പലർക്കു മുന്നിലായി
അവളെ കാണപ്പെട്ടതും
എന്നിട്ടും ദൈവം
അവൾക്കായി പ്രാർത്ഥിച്ചു .

Sunday, June 7, 2015

അടുത്തൂൺ


ഞട്ടിലെ ഞരമ്പുകളിലെ
തളർച്ച, ശൈത്യ വാതം
പോലെ അരിച്ചരിച്ചു
പടരുന്നതു് അറിയുന്നു
അടർന്നു വീഴാനുള്ള
വിനാഴിക വരെ; വളരെ
കൃത്യമായി , അതായതു്
ഇലയായി മുളച്ചതു മുതൽ
എഴുതി വയ്ക്കപ്പെട്ടതാണു്

തളർന്നു് ബലമഴിഞ്ഞു്
ഞെട്ടടർന്നു് പച്ചിലകളുടെ
നിരകൾ കടന്നു് താഴെ
നിലത്തു് വീണു കിടക്കുമ്പോൾ
പച്ചിലകളുടെ ആരവങ്ങൾ
കാതുകളിൽ വന്നു തറക്കും.

Wednesday, May 13, 2015

വിധിയുടെ വിളയാട്ടങ്ങൾ


 ഇന്നാണു് മനോചന്ദ്രന്റെ കേസിന്റെ വിധി. എന്താകും വിധിയെന്നു് ഏറെ
ക്കുറെഉറപ്പായതിനാൽ ദീപുദിലീപു് അതോർത്തു് അസഹ്യതപ്പെടുകയും
വേദനിക്കുകയും ചെയ്തു . സ്കൂൾ സഹാപാഠിയായിരുന്നുയെന്ന നില
യിൽ മാത്രമല്ല മുമ്പൊരിക്കൽ യാദൃശ്ചികമായി കണ്ടു മുട്ടിയപ്പോൾ
പലതുംപറയുന്നതിനിടയിൽ സ്വന്തംപ്രാരാബ്ദങ്ങൾ മനോചന്ദ്രൻ വി
വരിച്ചതും തുടർന്നു നടത്തിയ വെളിപ്പെടുത്തലും ഓർത്തതു കൊണ്ടുമാണു്
അസാധരണമായ വ്യഥയുടെ ചുഴിയിൽ അകപ്പെട്ടു് ദീപുദിലീപു് കറങ്ങിയതു് .

   സഹോദരിമാരുടെ വിവാഹം , അച്ഛനമ്മമാരുടെ ചികിത്സ , കുട്ടിക
ളുടെ വിദ്യാഭ്യാസം , ചെലവുകളുടെ മുന്നിൽ താൻ പ്രാണഭയത്തോടെ നി
ല്ക്കയാണെന്നും തെറ്റായ ധനസമ്പാദനത്തിനു് വളക്കൂറുള്ള തന്റെ ഔദ്യോ
ഗിക മേഖലുടെ കുലടക്ഷണത്തിനു മുമ്പിൽ താൻ വശം വദനാകുമോയെ
ന്നു് നിരന്തരം സന്ദേഹപ്പെടുകയാണെന്നും മനോചന്ദ്രൻ തന്നോടു പറഞ്ഞ
തു് അയാളുടെ കാതുകളിൽ പലപ്പോഴായി മുഴങ്ങി കേട്ടു. പ്രാരബ്ധങ്ങൾ 
കൊണ്ടു ചെന്നെത്തിക്കുന്ന ദുഷ്ചിന്തകളിൽ നിന്നും രക്ഷ തേടാൻ  ഒരു
 മന:ശാസ്ത്രജ്ഞന്റെ സഹായം തേടുവാൻ വഴിയൊരുക്കി തരണമെന്നു് 
മനോചന്ദ്രൻ അന്നു് അർത്ഥിച്ചതു് ദിലീപിന്റെ ഉറ്റസുഹൃത്തായ മനശാസ്ത്ര
ജ്ഞനെ മനസ്സിൽ കണ്ടായിരുന്നു. അതിനുള്ള അപ്പോയിന്റ്മെന്റ് വാങ്ങി
ത്താരമെന്നു് മനോചന്ദ്രനു് ദിലീപു് ഉറപ്പുകൊടുത്തു കൊണ്ടാണു്  ആ ,
സൗഹൃദസമാഗമം അന്നവസാനിച്ചതു്. എന്നാൽ തിരക്കുകളിൽ 
മുങ്ങിത്താണപ്പോൾദിലീപിന്റെ മനസ്സിൽ മനോചന്ദ്രനു് അന്നു കൊടുത്ത
 ഉറപ്പു് പിന്നെ പൊന്തി വന്നില്ല.അതു പൊന്തി വന്നതാകട്ടെ മനോചന്ദ്രൻ
കൈക്കൂലി കേസിൽ പിടിക്കപ്പെട്ട വാർത്തഅറിഞ്ഞപ്പോൾ . പത്രക്ലബ്ബി
ന്റെ താഴത്തെ നിലയിലുള്ള വിശാലമായ ബാറിൽ തന്റെ ഇഷ്ട വോഡ്ക 
നുണയുവാൻ തുനിയുമ്പോളാണു് മനോചന്ദ്രൻ എന്ന വില്ലേജ്ഓഫീസർ 
കൈക്കൂലി കേസിൽ പിടിയ്ക്കപ്പെട്ട വാർത്ത ബാറിൽ പരന്നതു്.
 കുടിച്ചുകൊണ്ടിരുന്നവരും കുടിയ്ക്കാനെത്തിയവർക്കുമൊപ്പം ദീപുദിലീപും 
ആ , വാർത്തക്കു പിന്നാലെ പാഞ്ഞു . ആ , പാച്ചിലിനിടയിൽ അന്നു 
മനോചന്ദ്രനു കൊടുത്ത ഉറപ്പു് പാലിയ്ക്കപ്പെട്ടില്ലല്ലോയെന്നു് കുറ്റബോധ
ത്തോടെ ദിലീപു് ഓർത്തു.

അഭിമുഖത്തിനല്ലാതെ തന്നെ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള മനോ
ചന്ദ്രനെ ദിലീപു് സന്ദർശിച്ചു. മനശാസ്ത്രജ്ഞനെ ഏർപ്പാടാക്കാത്ത 
തന്റെ കഴിവുകേടിനു് മനോചന്ദ്രനോടു് ദിലീപു് മാപ്പു പറഞ്ഞു .സഹോദ
രിയുടെ, പെണ്ണുകാണലിനുള്ള ചായസത്ക്കാരത്തിനു വേണ്ടി വാങ്ങിയ
ആയിരത്തിയഞ്ഞൂറു രൂപയാണു് അഴികൾക്കുള്ളിൽ പെടാൻ കാരണ
മെന്നു് മനോചന്ദ്രൻ ദിലീപിനോടു വെളിപ്പെടുത്തി.ശിക്ഷയ്ക്കർഹ
നാണെന്നും അതിൽ വിഷമമില്ലെന്നും എന്നാൽ സമൂഹമദ്ധ്യത്തിൽ
 തലക്കുനിച്ചു നടയ്ക്കേണ്ടി വരുന്ന ഭാര്യയെയും മക്കളെയും കുടുംബാംഗ
ങ്ങളെയും ഓർത്താണു് ഉള്ളു പൊള്ളുന്നതെന്നും മനോചന്ദ്രൻ
അന്നു ദിലീപിനോടു പറഞ്ഞു.

വാർത്തകൾ തേടി പതിനൊന്നു മണിക്കു മുമ്പു തന്നെ ദിലീപു് കോടതി 
സമുച്ചയത്തിലെത്തി. മനോചന്ദ്രനെ കേടതിയിൽ പോലീസു് കയറ്റി കഴി
ഞ്ഞിരുന്നു . ദീപുദിലീപു് വാഹനമൊതുക്കി പാർക്കു് ചെയ്യുമ്പോഴാണു് കോ
ടതി പരിസരം ഇളക്കി മറിച്ചു്തമ്പുരാട്ടിയുടെ കാഡിലാക്ക് കാർ അവിടെ 
വന്നു നിന്നതു്. അപ്പോഴാണു് തമ്പുരാട്ടിയുടെ അഴിമതി കേസിന്റെ വിധിയും
 അന്നാണെന്നും അതിന്റെ വാർത്തയും ശേഖരിക്കേണ്ടതുണ്ടെന്നും ദിലീപു് 
ഓർത്തെടുത്തതു് .കാഡിലാക് കാറിൽ നിന്നും തമ്പുരാട്ടി പുറത്തിറങ്ങി. 
തന്നെ വെറുതെ വിട്ടുവെന്നു് ആറാമിന്ദ്രിയത്തിലൂടെയറിഞ്ഞെന്ന ഭാവം ത
മ്പുരാട്ടിയുടെ വിസ്തൃത മുഖത്തിൽ പ്രസരിക്കുന്നതായി ദിലീപിനു തോന്നി.
പഴയകാല തമിഴ് നടിയെ അനുസ്മരിപ്പിക്കുന്ന ചക്കപ്പഴം പോലത്തെ 
തമ്പുരാട്ടിയുടെ ഫോട്ടോ എടുക്കുന്ന തന്റെ സഹപ്രവർത്തകനായ ഫോട്ടോ
ഗ്രാഫറുടെ ഉത്സാഹത്തിൽ പരിതപിച്ചു കൊണ്ടു ദീപുദിലീപു് വാർത്തകൾ
ക്കായി കോടതി സമുച്ചയത്തിൽ കാത്തു നിന്നു.

മനോചന്ദ്രനെ അഞ്ചു വർഷത്തേക്കു് ശിക്ഷിച്ച വാർത്തയും തമ്പുരാട്ടി
യെ വെറുതെ വിട്ട വാർത്തയും ഒരുമിച്ചാണു് പുറത്തേക്കു വന്നതു്. കോട
തിയുടെ ജന്നാലയിലൂടെ, കൂട്ടിൽ പ്രതിമ പോലെ നില്ക്കുന്ന മനോചന്ദ്ര
നെ ഒരു നോക്കു നോക്കി ദീപുദിലീപു് . ഒരു വാഗ്ദാനലംഘനത്തിന്റെ വേ
ദനപടരുന്ന മനസ്സോടെ, പോലിസകമ്പടിയോടെ പുറത്തേക്കു നടക്കു
ന്ന മനോചന്ദ്രനെ അനുഗമിച്ചു ദിലീപു് . പോലിസിന്റെ നീലവണ്ടിയിൽ കൈ
വിലങ്ങണിഞ്ഞു് മനോചന്ദ്രൻ കയറുമ്പോൾ അഭിഭാഷക പടകൾക്കും വിവി
ഐപികൾക്കുമിടയിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തി
യതിനു് തെളിവില്ലെന്നു പറഞ്ഞു് കോടതി വെറുതെവിട്ട തമ്പുരാട്ടി കാഡി
ലാക്ക് കാറിൽ ഉല്ലാസഭരിതയും വിലാസലേലായുമായി കയറുന്നതു് ദീപു
ദിലീപു് ജീവച്ഛവം പോലെ നോക്കി നിന്നു.

Thursday, April 30, 2015

എന്തിനു്മുറിച്ചു മാറ്റാനാണെങ്കിൽ
നിന്റെ ഹൃദയമൊരു
ചരടാക്കിയെന്റെ
ചങ്കിൽ ചുറ്റിയതെന്തിനു് ?
കമഴ്ത്തിടാനാണെങ്കിൽ
നിറയെയെന്തിനു
നിറച്ചു വെച്ചു നീ, പ്രണയ
തീർത്ഥമെന്റെ ശംഖിതിൽ ?
കെടുത്തിടുവാനെങ്കിൽ

കൊളുത്തി വെച്ചതെന്തിനു
താരകദീപങ്ങളെ
എന്നേകാന്ത വ്യോമത്തിൽ?
ഉരിയാടാനാകില്ലെങ്കിൽ
ഉത്തരങ്ങൾ തേടി
ചോദ്യങ്ങളുന്നയിക്കാൻ
അക്ഷമയായതെന്തിനു് ?

Wednesday, April 22, 2015

കണ്ടുമുട്ടിയപ്പോൾ


കണ്ടുമുട്ടിയതും മിണ്ടിത്തുടങ്ങിയതും
അന്നൊരിക്കൽ,
അലോസരങ്ങളില്ലാത്ത
യാദൃശ്ചികതയുടെ അപരാഹ്നത്തിൽ.
അപരിചിതത്വത്തിന്റെ മൂടുപടം
അഴിഞ്ഞു വീണതറിഞ്ഞപ്പോൾ
തിരിച്ചറിയാനാകാവുന്ന
പൊരുത്തപ്പെടലുകളുടെ ഇംഗിതം
പൂർണ്ണതയുടെ ചക്രവാളം വരെ നീണ്ടു
പുസ്തകങ്ങളെക്കുറിച്ചും
പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയും
അങ്ങിനെ പലതും പറയുന്നതിനിടയിൽ
പ്രണയത്തെക്കുറിച്ചും
നമ്മൾ പറഞ്ഞു പോകുകയായിരുന്നു
എന്നിട്ടും ഒരു സാധാരാണ
വർത്തമാനമാകാതെ പോയി ; അതു്.

Sunday, April 12, 2015

ഒരു സുഖസ്മരണ


വാനം മുഖം നോക്കും
നിൻ കവിൾക്കണ്ണാടിയി -
ലെൻ കൗതുകത്തിൻ
പ്രതിച്ഛായ ഞാനന്നു,കണ്ടു

താരം കടമെടുത്തിടും
നിൻ കൺ തിളക്കമെ-
ന്നിലന്നു തെളിച്ചൊരു
സൗഹൃദ കെടാ വിളക്കും
എത്ര കാലമെത്ര
ഋതുക്കൾ കടന്നു പോയി
ഭൂതകാല തമസ്സിലൂടെ
ആ , വിളക്കിൻ പ്രകാശം
കാട്ടിത്തരുന്നുമിന്നും
കൗമര കാല പൂവനങ്ങൾ
ഇന്ദ്രിയങ്ങളിലല്ല
മനസ്സിൽ വരച്ചു വച്ച
കൊച്ചു ജീവിത ചിത്രങ്ങളും .

Monday, April 6, 2015

അമ്പു്


നെഞ്ചിൻകൂടു തുളച്ചു്
ധാർമ്മിക രോഷത്തിന്റെ
ഒരമ്പു് പാഞ്ഞു പോയതു്
ദൈവങ്ങളെ തേടിയായിരുന്നു
കൊടുങ്കാറ്റും പേമാരിയും
അയച്ചു് തീർത്തു കളയാൻ
അതല്ലെങ്കിൽ
മൂർച്ചയേറിയ കൊക്കും
നഖങ്ങളുമുള്ള ഒരു കഴുകനെ
പറത്തി വിട്ടെൻ ചങ്കും
കരളും കൊത്തി തിന്നൊടുക്കാൻ
അത്യുന്നതങ്ങളിൽ
തീരുമാനങ്ങളെടുത്തിരിക്കാം
എന്നാലും ഭയരഹിതമായി
ഒരു അമ്പു കൂടി
എന്റെ നെഞ്ചിൻ കൂടു തുളച്ചു
പാഞ്ഞു പോകാൻ
ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

Sunday, February 15, 2015

തിരിച്ചറിവു്


ജീവിച്ചിരുന്നപ്പോൾ
ഒരു സുഗന്ധവും നിങ്ങൾ തന്നില്ല
മരിച്ചപ്പോളെത്ര മാത്രം
സുഗന്ധ ലേപനം കൊണ്ടു
നിങ്ങളെന്നെ പൊതിഞ്ഞു
അപരിചിതത്വത്തിന്റെ
ഇരുമ്പു മുഖങ്ങൾക്കു പകരം
പരിചയത്തിന്റെ സംവേദനവുമായി
ആൾക്കൂട്ടത്തിന്റെ തിരക്ക്
കല്ലറയ്ക്കുള്ളിൽ അടക്കിയപ്പോൾ
വിലപിടിച്ച പൂക്കൾ വാരി വിതറി,
മുന്തിയയിനം മാർബിൾ
ഫലകത്തിൽ മനോഹരമായി
എന്റെ പേരു നിങ്ങൾ എഴുതി വെച്ചു
മരണമെത്രയോ സുഗന്ധ പൂരിതവും
സുന്ദരവുമാണു് , ജീവിതത്തെക്കാൾ .

Sunday, February 8, 2015

ഒരേ സമുദ്രജീവികൾ


മാടി മാടി വിളിക്കുന്നു
അടുത്തേക്കു
വിറയാർന്നു ചെന്നു
സ്വപ്നങ്ങളിളെന്തശ്വ
വേഗമായിരുന്നു
സമൃദ്ധമായ മുടിയിൽ
ചൂടിയ മുല്ലപ്പൂവിന്റെ
ഹൃദ്യ പരിമളവും
ഷാംപൂവിന്‍ രൂക്ഷ
ഗന്ധമറിയുന്നതും
അന്നാദ്യമായി

ചുവന്ന നെയ് പോളീഷു
തുടുപ്പിച്ച നീണ്ട
നഖമുനകളുമായി
വിരലുകളിഴഞ്ഞടുത്തു
വന്നതു പുണരാനെന്നു
കരുതി കൊതിച്ചു


യാതൊരുയുപചാരവും
കൂടാതെ , കൂര്‍ത്തു
മെലിഞ്ഞ വിരലുകള്‍
ആഴ്ന്നിറങ്ങിയതു്
പോക്കറ്റിലേയ്ക്ക്

പോക്കറ്റിൽ
എന്നേ കൂടു കെട്ടിയ
തടിച്ച പഴയ പേഴ്സില്‍
പഴകിയ പാസ്പോര്‍ട്ടു
സൈസ് ഫോട്ടോകൾ
അഞ്ചാറെണ്ണം പിന്നെ
പത്രത്താളിലെയനവധി
വാണ്ടഡ് കോളങ്ങളുടെ
ഒരു കുന്നു മുഷിഞ്ഞ
കടലാസു തുണ്ടുകള്‍ ,
അച്ഛന്റെ പോക്കറ്റില്‍
നിന്നെടുത്ത
അഞ്ചു രൂപ നാണയം


കണ്ണുകളില്‍ കനിവകന്ന
ചോദ്യമുതിര്‍ത്തും ,
നാശമെന്നു പിറു പിറുത്തും
അവൾ ക്ഷണം
നടന്നു മറയുമ്പോൾ
വിശന്നു കരയുന്നൊരു
കുഞ്ഞിന്റെ നിലവിളി
കാതിൽ മുഴങ്ങുകയായി ,
അപ്പോഴാണു് ദാരിദ്ര്യമെന്ന
മഹാ സമുദ്രത്തിലെ
ജലജീവിയാണെന്നു്

അവൻ തിരിച്ചറിഞ്ഞതും

റീപോസ്റ്റ്

Saturday, January 24, 2015

കുടിവെള്ളം


കുടി വെള്ളം എന്നു് വലുപ്പത്തിൽ എഴുതി വെച്ചിരുന്ന ലോറി ആൾ
ത്തിരക്കേറിയ പാതയിൽ വെച്ചു് അപകടത്തിൽ പെട്ടു . നഗരത്തിലെ
പ്രധാനപ്പെട്ട ആശുപത്രിയിൽ കുടിവെള്ളമെത്തിയ്ക്കാൻ പോകയായി
രുന്നു ഈ ലോറി. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെയും
ഏജന്റിനെയും നാട്ടുകാർ പുറത്തേയ്ക്കെടുത്തു. ഇരുവരും വെള്ളം
വെള്ളമെന്നു് പുലമ്പിക്കൊണ്ടിരുന്നു .
ലോറിയിലെ കുടിവെള്ള ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന ഹോസിലെ അടപ്പു്
തുറന്നു് അവിടെ കൂടി നിന്നവരിൽ ചിലർ ഇതിനകം ഒരു പെറ്റ് ബോട്ടിൽ
നിറയെ വെള്ളം നിറച്ചു കൊണ്ടു വന്നു . ഒന്നു രണ്ടു പേർ ഡ്രൈവറെയും
ഏജന്റിനെയും ഫുട്പാത്തിന്റെ തിട്ടയിൽ ചാരി ഇരുത്തി. ഏജന്റിന്റെ
ചുണ്ടു പിളർത്തി പെറ്റ് ബോട്ടിലി ലെ വെള്ളം ഒരാൾ ഒഴിച്ചു കൊടുക്കാൻ
ശ്രമിച്ചു. എന്നാൽ ഒഴിച്ചു കൊടുത്ത വെള്ളം മുഴുവൻ ഏജന്റ് നിർബ്ബാധം
തുപ്പി കളഞ്ഞു . വെള്ളം വെള്ളമെന്നു് ഇടതടവില്ലാതെ വിളിച്ചു കൊണ്ടി
രുന്ന ഡ്രൈവർ പൂർണ്ണമായും നിശബ്ദനായി . മാത്രമല്ല ചുണ്ടുകൾ ബല
മായി കൂട്ടിപ്പിടിക്കുകയും ചെയ്തതു് ക്രാന്തദർശികളായ ചില നാട്ടുകാർ
ശ്രദ്ധിച്ചു. ഇതിനിടയിൽ വെള്ളം നിറച്ച പെറ്റ് ബോട്ടിലുമായി അപകട
ത്തിനിരയായ ഘതഭാഗ്യർക്ക് കുടിവെള്ളം പകർന്നു നല്കാനുദ്യമിച്ചു
കൊണ്ടിരുന്ന ആ നല്ല ശമരിയാക്കാരൻ , ഡ്രൈവറുടെ ചുണ്ടോടു പെറ്റ്
ബോട്ടിൽ ചേർത്തു വെച്ചു . ഡ്രൈവർ വേണ്ടായെന്ന മട്ടിൽ തല ശക്ത
മായി കുലുക്കുകയും കുതറുകയും ചെയ്തു . തുടരെ തുടരെ അവരിരുവരെ
യും കുടി വെള്ളം കുടിപ്പി ക്കാനുള്ള നാട്ടുകരുടെ ശ്രമം പരാജപ്പെടുന്നതി
നിടയിൽ പരുക്കേറ്റയിരുവരെയും പോലീസെത്തി ആംബുലൻസിൽ ക
യറ്റി .അപ്പോൾ അവരിരുവരും വെള്ളം, വെള്ളം എന്നുറക്കെ വിലപിച്ചു
കൊണ്ടിരുന്നു. സൈറൺ മുഴക്കി ആംബുലൻസ് പാഞ്ഞു പോകുന്നതു
നോക്കി ക്രാന്തദർശികളായ നാട്ടുകാരിൽ ചലരിങ്ങനെ പറഞ്ഞു
"ഈ വെള്ളമല്ലേ ആ, ആശുപത്രിക്കാർ കുടിയ്ക്കുന്നതു്."

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...