Sunday, June 19, 2016

അനന്ത


ചുരം കയറുകയാണു് ബസ്സു് . പുറത്തെ കാഴ്ചകളിൽ നിന്നും
കണ്ണുകൾ തെന്നി മാറിയതു് മുൻ സീറ്റിലിരിക്കുന്ന യാത്രക്കാരി
ലേയ്ക്കായിരുന്നു . കണ്ടിട്ടു് യുവ മിഥുനങ്ങളാണെന്നു തോന്നുന്നു .
പ്രബോധ് സാധാരണ കൗതുകത്തോടെ അവരെ നോക്കിയി
രുന്നു . ഇപ്പോൾ ആ, ചെറുപ്പക്കാരന്റെ ചുമലിലേയ്ക്ക്
യുവതി തല ചായ്ച്ചു. അവൾക്കു് സുഖമായി തല ചായ്ക്കാൻ
ചെറുപ്പക്കാരൻ ചുമലു് ചായ്ച്ചു കൊടുത്തു .പ്രബോധിനു്
കൗതുകത്തേക്കാൾ ഉപരിയായ ഒരു കാഴ്ചയായി അതു മാറി.

വയനാട്ടിലേക്ക് സ്ഥലം മാറ്റം സ്വാഭാവികമായ ഔദ്യോഗിക
കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി കാണുവാൻ പ്രബോധ്
നന്നെ വിഷമിച്ചു . അനന്തയുടെ രോഗാവസ്ഥയിൽ ദീർഘ
കാല അവധിയെടുക്കാൻ പ്രബോധ് തീരുമാനിച്ചു . അതു് അന
ന്തയോടു പ്രബോധ് വെളിപ്പെടുത്തുകയും ചെയ്തു.
അതു വേണ്ട നമുക്ക് ഒരുമിച്ചു പോകാം. അനന്തയുടെ പ്രതി
കരണം പ്രബോധ് ഏറെക്കുറെ പ്രതീക്ഷിച്ചതു തന്നെയായി
രുന്നു . ചികിത്സയുടെ സൗകര്യങ്ങൾ , യാത്രാ വിമ്മിട്ടങ്ങൾ
അസൗകര്യങ്ങൾ വളരെയുണ്ടു് . കലാവസ്ഥ വ്യത്യാസം
ആരോഗ്യ സ്ഥിതിയിലെ സന്തുലിതാവസ്ഥയിൽ മാറ്റം
വരുത്തുകയും , ശമിച്ചെന്നു വിശ്വസിക്കുവാൻ ശ്രമിച്ചു
കൊണ്ടിരിക്കുന്ന രോഗം തിരികെയെത്തുവാൻ കാരണ
മാവുകയും ചെയ്യും . പ്രബോധ് ആവർത്തിച്ചു പറഞ്ഞിട്ടും
അനന്ത തീരുമാനത്തിൽ ഉറച്ചു നില്ക്കുകയായി.
ഞാനും വരും കൂടെ . നെഞ്ചിൽ കൺപീലികൾ സ്പർ
ശിക്കുന്നതും കണ്ണീരിന്റെ നനവു പടരുന്നതും അറിഞ്ഞു
കൊണ്ടു് പ്രബോധ് അനന്തയെ ചേർത്തു പിടിച്ചു പറഞ്ഞു
പോയി.
ഏതു യാത്രയിലും നീ കൂടെ ഉണ്ടാകുമെന്നും.
ബസ് ചുരം കയറുമ്പോൾ വയാനാടൻ കാഴ്ചകളുടെ ആകർഷ
ണീയത അനന്തയെ സന്തോഷിപ്പിക്കുകയാണെന്നു് പ്രബോ
ധിനു ബോദ്ധ്യമായി . ഒരു പൂത്തുമ്പിയെ പോലെ അനന്തയുടെ
കണ്ണുകൾ താഴ്വരകളുടെയും, ഗർത്തങ്ങളുടെയും പച്ചപ്പുകളിൽ
വ്യാപരിച്ചു. തലേന്നു രാത്രി മട്ടുപ്പാവിൽ കിടന്നു് നക്ഷത്രങ്ങളെ
എണ്ണിയെണ്ണി കിടക്കുകയായിരുന്നു. അപ്പോഴും ഒരു പൂത്തു
മ്പിയെ പോലെ അനന്തയുടെ കണ്ണുകൾ ആകശത്തെ നക്ഷ
ത്രങ്ങളെ തേടി നടക്കുകയായിരുന്നു.
ഒരു വല്ലാത്ത ഭ്രാന്തു് തന്നെ എന്റേതു് അല്ലേ ?
ഇടയ്ക്ക് അനന്ത പ്രബോധിനെ ചുംബിച്ചു കൊണ്ടു് ചോദിച്ചു.
ഞാനും കൂടെ നക്ഷത്രങ്ങളെ എണ്ണുവാൻ സഹായിക്കാം.
സഹായമോ? നമുക്ക് ഒരുമിച്ചു് നക്ഷത്രങ്ങളെ എണ്ണാം.
അങ്ങനെയാകട്ടെ . രോഗത്തെയും ചികിത്സകളെയും
മറന്നു് അവർ നക്ഷത്രങ്ങളെ എണ്ണുവാൻ തുടങ്ങി.
പുറം കാഴ്ചകൾ കാണുന്നതു് അവസാനിപ്പിച്ചു് അനന്ത
ഉറക്കച്ചടവോടെ പ്രബോധിനെ നോക്കി. പിന്നെ
പ്രബോധിന്റെ തോളിൽ തല ചായ്ച്ചു് ഉറക്കമാരംഭിച്ചു.
സർ കല്പറ്റയെത്തി. എല്ലാവരം ഇറങ്ങി കഴിഞ്ഞു .
പ്രബോധ് പരിസര ബോധം വീണ്ടെടുക്കാൻ സമയ
മെടുത്തു . മുന്നിലെ സീറ്റിലിരുന്ന മിഥുനങ്ങൾ ബസ്സിൽ
നിന്നും ഇറങ്ങി കഴിഞ്ഞിരിക്കുന്നു .താൻ മാത്രമാണു്
ബസ്സിനുള്ളിൽ . മുകളിലെ റാക്കിൽ നിന്നും പെട്ടിയെ
ടുത്തു് ഇറങ്ങുന്നതിനിടയിൽ തന്നെ നിർവ്വികാരതയോടെ
നോക്കുന്ന കണ്ടക്ടർ ചോദിച്ചു
സർ അവധി കഴിഞ്ഞു് വീണ്ടുമെത്തി .
അതേ കണ്ടക്ടർ ,അതേ ബസ് . പ്രബോധ് കണ്ടക്ടറെ
നോക്കി. കണ്ടക്ടറുടെ കാഴ്ച പിന്നോട്ടു പോയിട്ടുണ്ടാകും.
പ്രബോധ് അനുമാനിച്ചു. ബസ് ലക്ഷ്യ സ്ഥാനത്തെത്തിയിട്ടും
അനക്കമില്ലാതെ തന്റെ തോളിൽതല ചായ്ച്ചുറങ്ങുന്ന അനന്ത
 കണ്ടക്ടറുടെ കണ്ണുകളിലെ നനവുകളിൽ തെളിയുന്നു.

പ്രബോധ് യാത്രാസാമാഗ്രഹികൾ തൂക്കി ബസ്സിന്റെ പടികൾ
 ഇറങ്ങുമ്പോഴും കണ്ടക്ടറുടെ കാഴ്ചയിൽ തെളിഞ്ഞതു് പ്രബോ
ധിന്റെ തോളിൽ തല ചായ്ച്ച് ഉറങ്ങുന്നഅനന്തയായിരുന്നു.

5 comments:

 1. ദുഃഖസ്മൃതികള്‍ക്കെന്തു തീവ്രത!

  ReplyDelete
 2. ചില യാത്രകള്‍ ബാക്കിയാക്കുന്നത്. :)

  ReplyDelete
 3. അനന്ത ഉണരാത്ത ഉറക്കത്തിലാണ്ടിരിക്കുന്നു. നന്നായിട്ടുണ്ട്.

  ReplyDelete
 4. അഭിപ്രായം കുറിച്ച എല്ലാ സ്നേഹിതർക്കും നന്ദി

  ReplyDelete

ഒരു നുണക്കഥയിലെ തിമിംഗലം

ഞാൻ തിമിംഗലം, വഴിതെറ്റി വന്നതാണു് അറ്റ് ലാന്റിലേക്കു ചെല്ലാൻ കടലലകൾ താണ്ടിയും പിശറുകളെ ചെറുത്തും ദിവസങ്ങൾ നീന്തുകയായി അറബിക്കടലിലെത...